മരിച്ചത് അറിഞ്ഞില്ല, ആരെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാൻ ഉപേക്ഷിച്ചു‌; മൊഴി

കൈപ്പമംഗലത്തെ പെട്രോൾ പമ്പ് ഉടമ കാളമുറി അകമ്പാടം കോഴിപ്പറമ്പിൽ കെ.കെ. മനോഹരനെ (68) കൊലപ്പെടുത്തിയ കേസിലെ 3  പ്രതികളെയും  തെളിവെടുപ്പിനു  മമ്മിയൂരിൽ കൊണ്ടു വന്നു.  രണ്ടാം പ്രതി അൻസാറിനെ മാത്രമാണു പുറത്തിറക്കിയത്. താനും ഒന്നാം പ്രതി അനസും  ചേർന്ന് കഴിഞ്ഞ 15ന് പുലർച്ചെ അഞ്ചോടെ മൃതദേഹം  മമ്മിയൂരിലെ പൊളിഞ്ഞു വീഴാറായ കെട്ടിടത്തിനു സമീപം ഇറക്കി വച്ചുവെന്ന് അൻസാർ പറഞ്ഞു. കാർ ഓടിച്ചിരുന്ന മൂന്നാം പ്രതി സ്റ്റിയോ കാറിലായിരുന്നു.

മനോഹരൻ മരിച്ചത് അറിഞ്ഞില്ലെന്നും ആരെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാൻ വേണ്ടിയാണ് ആളുകൾ കാണുന്ന സ്ഥലത്ത് ഉപേക്ഷിച്ചതെന്നും അൻസാർ പൊലീസിനോട് പറഞ്ഞു. മനോഹരന്റെ കാറുമായി കൈപ്പമംഗലത്തു നിന്ന് പറവൂർ കൊടുവള്ളി ഭാഗത്തേക്ക് ആദ്യം പോയി. ചാലക്കുടി വഴി ടോൾ പ്ലാസ ഒഴിവാക്കി തൃശൂരിലെത്തി. അവിടെ നിന്ന് ചൂണ്ടൽ, ഗുരുവായൂർ വഴി മമ്മിയൂരിലെത്തി മൃതദേഹം ഉപേക്ഷിച്ചു.

തുടർന്നു  പെരിന്തൽമണ്ണയ്ക്കു പോയി. കാർ പൊളിച്ചു വിൽക്കാനായിരുന്നു പദ്ധതി.  14ന് രാത്രി ഒന്നിനും 3നും ഇടയിലാണ് മനോഹരൻ മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ഡിവൈഎസ്പി ഫേമസ് വർഗീസിന്റെ നേതൃത്വത്തിൽ ഗുരുവായൂർ ടെംപിൾ സിഐ സി.പ്രേമാനന്ദകൃഷ്ണൻ, കൈപ്പമംഗലം എസ്ഐ വി.ജി.അനൂപ്, എഎസ്ഐമാരായ പി.ജെ.ഫ്രാൻസിസ്, ജലീൽ മാരാത്ത് എന്നിവരാണു  തെളിവെടുത്തത്.