മലയിന്‍കീഴില്‍ വീട്ടിനുള്ളില്‍ വാറ്റുകേന്ദ്രം; പ്രതികൾ ഓടിരക്ഷപെട്ടു

തിരുവനന്തപുരം മലയിന്‍കീഴില്‍ വീട്ടിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റുകേന്ദ്രം പൊലീസ് പരിശോധനയില്‍ കണ്ടെത്തി. വാറ്റുപകരണങ്ങള്‍ പിടിച്ചെടുത്തെങ്കിലും നേതൃത്വം നല്‍കിയിരുന്നവര്‍ ഓടിരക്ഷപെട്ടു. മറ്റൊരു പ്രതിയെ തേടി പൊലീസെത്തിയപ്പോളാണ് സ്ഥിരം വില്‍പ്പന നടന്നിരുന്ന വാറ്റുകേന്ദ്രം കണ്ടെത്തിയത്.

മറ്റൊരു കേസിലെ പ്രതിയേ തേടിയാണ് മലയിന്‍കീഴ് സി.ഐ ബി. അനില്‍കുമാറിന്റെ നേതൃത്വത്തിലെ സംഘം വീട്ടിനുള്ളിലെ വാറ്റുകേന്ദ്രം കണ്ടെത്തിയത്. അന്തിയൂര്‍ക്കോണം സ്വദേശി സുകുവിന്റേതാണ് വീട്. നാളുകളായി വാറ്റ് നടക്കുന്നൂവെന്നതിന്റെ സൂചനകള്‍ കണ്ടതോടെയാണ് വീട്ടില്‍ കയറി പരിശോധിച്ചത്. വാറ്റുപകരണങ്ങളും പ്രത്യേക രുചിക്കൂട്ടുകളുമെല്ലാം കണ്ടെടുത്തു. ശുചിമുറിയിലാണ് വാറ്റുപകരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഇരുന്നൂറ് ലീറ്ററോളം വാഷും പിടികൂടി നശിപ്പിച്ചു. 

രാത്രിയിലാണ് വാറ്റ് നടക്കുന്നതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. ആവശ്യക്കാര്‍ക്ക് പ്ളാസ്റ്റിക് കവറിലാക്കി വില്‍ക്കും. പകല്‍ സമയത്ത് സൈക്കിളിലും ഓട്ടോയിലും കൊണ്ടുനടന്ന് വില്‍പ്പനയുണ്ടായിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഓണക്കാലത്ത് വന്‍കച്ചവടം നടന്നതായാണ് സൂചന. പൊലീസെത്തുന്നത് അറിഞ്ഞ് ഓടിരക്ഷപെട്ട പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി.