പട്ടാപ്പകൽ സദാചാര ഗുണ്ടാ ആക്രമണം; രണ്ട് പേർ അറസ്റ്റിൽ

തൊടുപുഴ നഗരത്തിൽ പട്ടാപ്പകൽ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ സുഹൃത്ത് കൈവശം കത്തി സൂക്ഷിച്ചതിനെപ്പറ്റി അന്വേഷിക്കുമെന്ന് പൊലീസ്.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. 

തൊടുപുഴ സ്വദേശി  വിനു പ്രകാശൻ സുഹൃത്തായ പെൺകുട്ടിക്ക് ഒപ്പം തൊടുപുഴ നഗരത്തിലൂടെ  നടക്കുമ്പോൾ മൂന്നംഗ സംഘമെത്തി ഇവരെ കയ്യേറ്റം ചെയ്യുകയായിരുന്നു. സംഘർഷത്തിനിടെ വിനു അക്രമികളിൽ ഒരാളെ കുത്തി പരുക്കേൽപ്പിച്ചിരുന്നു. സംഭവത്തിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 2 പ്രതികളുടെ അറസ്റ്റാണ്  പൊലീസ് രേഖപ്പെടുത്തിയത് . ജില്ലാ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഗുണ്ടാ സംഘത്തിലെ  അനന്തു  , ശ്യാംലാൽ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തതിനെ തുടർന്നാണ് അറസ്റ്റ്. 

ഇരുവരെയും  കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവർക്കൊപ്പം ഉണ്ടായിരുന്ന മലങ്കര സ്വദേശി  ലിബിൻ ബേബി  കത്തിക്കുത്തേറ്റതിനെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. പെൺകുട്ടിക് ഒപ്പം പഴങ്ങൾ  മുറിച്ചു കഴിക്കാനായി കരുതിയതാണ് ആക്രമണത്തിനുപയോഗിച്ച കത്തി എന്ന് സുഹൃത്ത് വിനു പൊലീസിന് മൊഴി നല്‍്കിയിരുന്നെങ്കിലും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് പൊലീസ്പറഞ്ഞു.  

തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് വിനു. സംഭവത്തിൽ സദാചാര ഗുണ്ടാ സംഘത്തിനെതിരെ പോക്സോ, പട്ടിക ജാതി പട്ടിക വർഗ അതിക്രമം തടയൽ നിയമം , സ്ത്രീകളോട് അപമര്യാദയായി പെരുമാറുക, കൊലപാതക ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളിൽ പൊലീസ് കേസ് എടുത്തു.  കത്തിക്കുത്ത് നടത്തിയ വിനുവിന്റെ പേരിൽ കൊലപാതക ശ്രമത്തിന്കേസ്എടുത്തിട്ടുണ്ട്.