92കാരനെ കഴുത്ത് ഞെരിച്ച് കൊന്നു; ഫ്രിഡ്ജിലാക്കി മറവ് ചെയ്തു

തൊണ്ണൂറ്റി രണ്ട് വയസുകാരനെ വേലക്കാരൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഫ്രിഡ്ജിലാക്കി പുറത്തുകൊണ്ടുപോയി മറവ് ചെയ്തു. ഡൽഹിയിലെ കൈലാഷിലാണ് സംഭവം. കൃഷ്ണ ഖോസല എന്ന വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനാണ് വേലക്കാരന്റെ ക്രൂരതയ്ക്ക് ഇരയായത്. ഞായറാഴ്ചയാണ് സംഭവം. കൃഷ്ണയും ഭാര്യ സരോജയും മാത്രമാണ് കൈലാഷിലെ വീട്ടിൽ താമസിച്ചിരുന്നത്. കിഷൻ എന്ന യുവാവും ഇവരുടെ സഹായിയായി ഒപ്പമുണ്ടായിരുന്നു. കിഷനാണ് കൃഷ്ണയെ കൊലപ്പെടുത്തിയത്. ഒരുവർഷമായിട്ടാണ് കിഷൻ ഇവർക്കൊപ്പമുള്ളത്. അന്നുമുതൽ ദമ്പതികളെ കൊന്ന് ആഭരണങ്ങൾ കൈക്കലാക്കാൻ കിഷൻ പദ്ധതിയിട്ടിരുന്നു.

സുഹൃത്തുക്കളോടൊപ്പം കൃത്യമായി മോഷണം ആസൂത്രണം ചെയ്തു. ശനിയാഴ്ച രാത്രിയിൽ കിഷൻ വൃദ്ധ ദമ്പതികൾക്ക് ചായയിൽ മയക്കുമരുന്ന് കലർത്തി നൽകി. അതിനുശേഷം സുഹൃത്തുക്കളോടൊപ്പം മോഷണത്തിനായി മുറിയിലെത്തി. മയക്കുമരുന്ന് കലർന്ന ചായ കുടിച്ച് സരോജ ബോധരഹിതയായി. എന്നാൽ കൃഷ്ണ ഖോസലയ്ക്ക് ബോധം നശിച്ചിരുന്നില്ല. കൃഷ്ണ കണ്ണുതുറന്ന് കിടക്കുകയാണെന്ന് മനസിലാക്കിയ കിഷൻ അദ്ദേഹത്തെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ശേഷം മൃതദേഹം ഫ്രിഡ്ജിലാക്കി ടെമ്പോയിൽ കയറ്റി പുറത്തുകൊണ്ടുപോയി വിജനമായ സ്ഥലത്ത് മറവ് ചെയ്യുകയായിരുന്നു. മോഷണ വസ്തുക്കളും ഇയാൾ കയ്യിലെടുത്തു. 

രാവിലെ ബോധംവിട്ടുണർന്നപ്പോഴാണ് ഭർത്താവിനെയും വേലക്കാരനെയും കാൺമാനില്ലെന്ന വിവരം സരോജ അറിയുന്നത്. ഉടൻ തന്നെ ഇവർ പൊലീസിനെ അറിയിച്ചു. ആ പ്രദേശത്തുള്ള ഒരു സെക്യൂരിറ്റ് ഗാർഡിന്റെ മൊഴി അന്വേഷണത്തിന് സഹായകമായി. വേലക്കാരൻ രാത്രിയിൽ ഫ്രിഡ്ജ് ടെമ്പോയിൽ കയറ്റുന്നത് കണ്ടെന്ന്് അയാൾ മൊഴി നൽകി. എന്തിന് കൊണ്ടുപോകുകയാണെന്ന് ചോദിച്ചപ്പോൾ കേടായെന്നും നന്നാക്കാൻ കൊണ്ടുപോകുകയാണെന്നും കിഷൻ പറഞ്ഞു. ഈ മൊഴി പൊലീസിന് സഹായകമായി. ദമ്പതികളുടെ വീടിന്റെ പരിസരത്തെ സിസിടിവി നേരത്തെ തന്നെ കിഷൻ ഉപയോഗശൂന്യമാക്കിയിരുന്നു. എന്നാൽ സെക്യൂരിറ്റി ഗാർഡിന്റെ മൊഴി നിർണായകമായതോടെ പൊലീസിന് അന്വേഷണം എളുപ്പമായി. കിഷനെ കണ്ടെത്തി ചോദ്യം ചെയ്തതോടെ എല്ലാ കുറ്റവും ഇയാൾ സമ്മതിച്ചു. കൃഷ്ണ ഖോസലയുടെ മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്ത് നിന്നും പൊലീസ് കണ്ടെടുത്തു.