മുട്ടപൊട്ടിച്ചു കുടിച്ച് കള്ളൻ; തോടിലെ വിരലടയാളം നോക്കി പൊലീസ് പൊക്കി

സംസ്ഥാനത്തെ ആരാധനാലയങ്ങളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ചാവക്കാട് പുത്തൻകടപ്പുറം കരിമ്പിൽ വീട്ടിൽ കെ.കെ. ഫക്രുദീൻ (45) അറസ്റ്റിലായി. റാന്നി സ്റ്റേഷൻ ഹൗസ് ഓഫിസർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള നിഴൽ പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. ജില്ലയിലെ ആരാധനാലയങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും മോഷണം വർധിച്ചതിനെത്തുടർന്ന് ജില്ലാ പൊലീസ് മേധാവി ജി. ജയദേവ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

മന്ദമരുതി ബഥേൽ മാർത്തോമ്മാ പള്ളി, ഇടക്കുളം സെന്റ് തോമസ് ക്നാനായ പള്ളി, കൈപ്പട്ടൂർ ഉഴവത്ത് ക്ഷേത്രം, ഇലന്തൂർ രാജ് ഹോട്ടൽ എന്നിവിടങ്ങളിൽ മോഷണം നടത്തിയത് ഫക്രുദ്ദീനാണെന്ന് പൊലീസ് പറഞ്ഞു. കോഴഞ്ചേരി, അടൂർ, കൂടൽ, പത്തനാപുരം എന്നിവിടങ്ങളിലും മോഷണം നടത്തിയിട്ടുണ്ട്. അഞ്ചലിൽ മീൻ കടയിൽ നിന്ന് 50,000 രൂപ മോഷ്ടിച്ചിരുന്നു.

ഇലന്തൂരിലെ ഹോട്ടലിൽ മോഷണത്തിനിടെ മുട്ട പൊട്ടിച്ചു കുടിച്ച ശേഷം ഉപേക്ഷിച്ച മുട്ടത്തോടിൽ പതിഞ്ഞ വിരലടയാളം ഫക്രുദീന്റെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.ഒട്ടേറെ കേസുകൾ ഇയാളുടെ പേരിലുണ്ടെന്ന് പൊലീസ് പറഞ്ഞു. 7 മാസം മുൻപാണ് ജയിലിൽ നിന്നിറങ്ങിയത്. മോഷണം നടത്തി കിട്ടുന്ന പണം മദ്യപാനത്തിനും മറ്റുമായിട്ടാണ് വിനിയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഉടുപ്പുകൾ ഒരു തവണയിട്ട ശേഷം ഉപേക്ഷിക്കുകയാണ് പതിവ്.