തോക്ക് ചൂണ്ടി ജ്വല്ലറി കവർച്ച: അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് വ്യാപാരികള്‍

കോഴിക്കോട് ഓമശ്ശേരിയില്‍ തോക്ക് ചൂണ്ടി ജ്വല്ലറിയി‍ല്‍ കവര്‍ച്ച നടത്തിയ കേസില്‍ മെല്ലെപ്പോക്കെന്ന് വ്യാപാരികള്‍. രക്ഷപ്പെട്ട രണ്ടുപേരും സുരക്ഷിതമായ ഇടങ്ങളില്‍ എത്തിയിട്ടുണ്ടാകും. കൃത്യമായ വിവരം കൈമാറുന്നതിന് പോലും കൊടുവള്ളി പൊലീസ് തയാറാകുന്നില്ലെന്നും വിമര്‍ശനമുണ്ട്.  

ജ്വല്ലറിക്കവര്‍ച്ചയ്ക്കിടെ രക്ഷപ്പെട്ട രണ്ട് ബംഗ്ലദേശുകാര്‍ക്കായുള്ള തെരച്ചില്‍ പതിനൊന്ന് ദിവസം പിന്നിട്ടു. ഇവര്‍ കോയമ്പത്തൂര്‍ വഴി രക്ഷപ്പെട്ടുവെന്നാണ് പൊലീസ് നിഗമനം. മൊബൈല്‍ ഫോണ്‍ നിശ്ചലമായതിനാല്‍ കൃത്യമായ സ്ഥലം കണ്ടെത്താനാകുന്നില്ല. ജ്വല്ലറി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പൊലീസിലേല്‍പ്പിച്ച നയിം അലിഖാനില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായില്ല.  അന്വേഷണം മുടക്കാന്‍ ബോധപൂര്‍വം ഇയാള്‍ ഒഴിഞ്ഞുമാറുന്നുവെന്നാണ് വിലയിരുത്തല്‍. പ്രതികളെ പിടികൂടാന്‍ വൈകുന്നത് ആശങ്കയ്ക്കിടയാക്കുന്നതായി വ്യാപാരികള്‍. 

സൈബര്‍ സെല്ലിന്റെ സഹായത്തോടെ വ്യാപക തെരച്ചില്‍ നടത്തുന്നുവെന്നാണ് പൊലീസ് നിലപാട്. രക്ഷപ്പെട്ട രണ്ടുപേരും വൈകാതെ പിടിയിലാകും. കൊടുവള്ളി സി.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വ്യക്തമായ തെളിവുകള്‍ ശേഖരിച്ചതായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.