ഇവിടെ കത്തിക്കുത്ത്; അവിടെ വടിവാൾ; കോളജ് വിദ്യാർഥിക്കു നേരെ സിനിമാ സ്റ്റൈല്‍ ആക്രമണം

ചെന്നൈയില്‍ കോളജ് വിദ്യാര്‍ഥിക്കുനേരെ വടിവാള്‍ ആക്രമണം. നഗരമധ്യത്തിലെ  പ്രശസ്തമായ പച്ചൈയ്യപ്പാസ്  കോളേജിലെ വിദ്യാര്‍ഥി സംഘര്‍ഷമാണ് വടിവാള്‍ ആക്രണത്തില്‍ കലാശിച്ചത്. സാരമായ പരുക്കേറ്റ പത്തൊമ്പതുകാരനെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം യുണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള തര്‍ക്കം കത്തികുത്തില്‍ കലാശിച്ചെങ്കില്‍ തമിഴ്നാട്ടില്‍ സ്റ്റൈല്‍ അല്‍പം വ്യത്യസ്തമാണ്. ചെന്നൈയിലെ പ്രശസ്തമായ അരുമ്പാക്കത്തെ പാച്ചൈയപ്പാസ് ആര്‍ടസ് കോളജിലെ കുട്ടികളുടെ ഗ്യാങുകള്‍ തമ്മിലുള്ള തര്‍ക്കം അവസനിച്ചത് ഇങ്ങിനെയാണ്.

ഇടതടവില്ലാതെ വാഹനങ്ങള്‍ കടന്നുപോകുന്ന കോളജിനു മുന്നിലെ റോഡിലാണ് വിദ്യാര്‍ഥികള്‍ ഗുണ്ടാസംഘങ്ങളെ പോലെ പെരുമാറിയത്. കോളജിലെ ഒന്നാം വര്‍ഷ ഫിലോസഫി വിദ്യാര്‍ഥി വസന്തകുമാറിനെ മാരകമായ പരുക്കുളോടെ സമീപത്തെ കില്‍പോക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് രണ്ടുമണിക്ക് കോളജ് വിട്ട സമയത്തായിരുന്നു ആക്രണം. വസന്തകുമാറും മറ്റൊരു വിദ്യാര്‍ഥിയും കോളജിനുമുന്നില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു. ഈസമയം വടിവാളുകളുമായി ഓടിയെത്തിയ  സംഘം  ആക്രമിക്കുകയായിരുന്നു. വിദ്യാര്‍ഥി സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് ആക്രണത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.