ഒരാഴ്ച മുൻപും അവൻ വന്നു; അര്‍ജുന്‍ കുളിക്കുമ്പോള്‍ ടെറസില്‍ കാത്തുനിന്നു: അമ്മ

‘ഒരാഴ്ച മുൻപും അവൻ അതേ ഉദ്ദേശത്തോടെ വന്നു. അർജുന്‍ എവിടെയെന്ന് തിരക്കിയപ്പോൾ കുളിക്കുകയാണെന്ന് പറഞ്ഞു. എന്നാൽ ഞാൻ ടെറസിൽ പോയി കാത്തിരുന്നുകൊള്ളാമെന്ന് പറഞ്ഞു. എനിക്ക് മനസിൽ എന്തോ പോലെ തോന്നിയതുകൊണ്ട് അവൻ ടെറസിൽ എന്തുചെയ്യുകയാണെന്ന് അറിയാൻ പതിയെ ചെന്ന് നോക്കി. അപ്പോളവൻ കാലുകുത്തിയിരുന്ന് തലകുനിച്ച് എന്തോ ആലോചനയിലായിരുന്നു. ഞാൻ പിറകിൽ ചെന്ന് തൊട്ടപ്പോൾ ഞെട്ടി എഴുന്നേറ്റ് വേഗം ഇറങ്ങി. അവൻ തന്നെയാണ് ഒരാഴ്ച കഴിഞ്ഞപ്പോൾ അർജുനെ വിളിച്ചുകൊണ്ടുപോയത്.’- നെട്ടൂരിൽ അർജുനെന്ന യുവാവിന്റെ ക്രൂരകൊലപാതകത്തെക്കുറിച്ച് അമ്മയുടെ വാക്കുകളാണിത്. അർജുന് കൂട്ടുകാരെന്നാൽ ജീവനായിരുന്നുവെന്നു അവന്റെ കയ്യുംകാലും വെട്ടിയിട്ടാണെങ്കിൽ ജീവനോടെ തരാമായിരുന്നില്ലേയെന്ന് ആ അമ്മ കണ്ണീരോടെ ചോദിക്കുന്നു.

അർജുനെ കൊന്ന് ചതുപ്പിൽ താഴ്ത്തി ഒരാഴ്ച കഴിഞ്ഞപ്പോൾ കൊന്ന കൂട്ടുകാർ ഒന്നുമറിയാത്തതുപോലെ വീട്ടിൽ വന്ന് അർജുനെവിടെയെന്ന് തിരക്കി. നാട്ടുകാർക്ക് ഇവരെ സംശയം തോന്നിയതിനെത്തുടർന്ന് ചോദ്യം ചെയ്യുകയും പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. എന്നാൽ നാട്ടുകാർക്ക് തോന്നിയ സംശയം പൊലീസുകാർക്ക് തോന്നിയില്ല. കേവലമൊരു കാണാതാകൽ കേസെന്ന രീതിയിൽ ഇവരെ വിട്ടയച്ചെന്ന് നാട്ടുകാർ പറയുന്നു. ജൂലൈ 11നാണ് അർജുന്റെ മൃതദേഹം നെട്ടൂരിലുള്ള ചതുപ്പിൽ നിന്നും കിട്ടുന്നത്. ശരീരം പൂർണ്ണമായും അഴുകിയ നിലയിലായിരുന്നു. തലച്ചോറിന്റെ ഒരു ഭാഗം മാത്രം പേരിന് അവശേഷിച്ചു. ചില വിരലുകളിലെ അസ്ഥികൾ വരെ അറ്റുപോയ നിലയിലായിരുന്നു മൃതദേഹം ലഭിച്ചത്. ചതുപ്പിൽ ചവിട്ടിതാഴ്ത്തിയശേഷം കോൺക്രീറ്റ് സ്ലാബ് കൊണ്ട് മൂടുകയായിരുന്നു. 

ഒന്നാം പ്രതി നിബിനു സഹോദരൻ എബിന്റെ അപകട മരണത്തിലുണ്ടായ സംശയമാണു കൊലപാതകത്തിനു പ്രേരണയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: കൊല്ലപ്പെട്ട അർജുനും എബിനും അടുത്ത സുഹൃത്തുക്കളായിരുന്നു. ഒരു വർഷം മുൻപ് അർജുനുമൊത്തു ബൈക്കിൽ പോകുമ്പോൾ കളമശേരിയിലുണ്ടായ അപകടത്തിൽ എബിൻ മരിച്ചു. ഗുരുതരമായി പരുക്കേറ്റ അർജുൻ മാസങ്ങളോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

എന്നാൽ, ഇത് അപകടമല്ലെന്നും ആസൂത്രിത കൊലപാതമാണെന്നും നിബിൻ വിശ്വസിച്ചു. ഇതിനു പ്രതികാരം ചെയ്യുമെന്ന് സുഹ‍ൃത്തുക്കളോടു പറയുകയും ചെയ്തു. ഈ ലക്ഷ്യത്തോടെ കുറെനാൾ മുൻപ് അർജുനോടു സൗഹൃദം സ്ഥാപിച്ചു. ഈ മാസം 2നു രാത്രി 10നു നിബിനും പ്രതികളിൽ പ്രായപൂർത്തിയാകാത്ത ആളും പെട്രോൾ വാങ്ങാനെന്നു തെറ്റിദ്ധരിപ്പിച്ച് അർജുനെ കൂട്ടിക്കൊണ്ടുപോയി. കാത്തുനിന്ന മറ്റു 3 പ്രതികളുടെ അടുത്ത് അർജുനെ എത്തിച്ചശേഷം പ്രായപൂർത്തിയാകാത്ത ആൾ മടങ്ങി. മറ്റുള്ളവർ ചേർന്നു ബലമായി അർജുനെ നെട്ടൂർ റെയിൽവേ സ്റ്റേഷനു സമീപമുള്ള വിജനമായ പ്രദേശത്തെത്തിച്ചു.ഇവിടെ വച്ചു പട്ടികയും കല്ലും ഉപയോഗിച്ചു മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു. 

ചതുപ്പിൽ ചവിട്ടിത്താഴ്ത്തിയ ശേഷം ഉയർന്നു വരാതിരിക്കാൻ മുകളിൽ കല്ലുകളും വേലിയുടെ തൂണും വച്ച ശേഷം മടങ്ങി.പൊലീസിന്റെ അന്വേഷണം വഴി തെറ്റിക്കാൻ ദൃശ്യം സിനിമ മാതൃകയാക്കി ചില ആസൂത്രണങ്ങൾ പ്രതികൾ നടത്തി.