കഞ്ചാവ് വില്‍പനക്കെതിരെ പരാതി, കർഷകന്റെ പശുവിന്‍റെ വാല്‍ മുറിച്ച് പ്രതികാരം

തൃശൂര്‍ അന്നമനടയില്‍ കഞ്ചാവ് വില്‍പനക്കാര്‍ക്കെതിരെ പരാതി നല്‍കിയ ക്ഷീരകര്‍ഷകന്‍റെ പശുവിനെ ആക്രമിച്ചു. പശുവിന്‍റെ വാല്‍ അറുത്തുമാറ്റിയാണ് കഞ്ചാവ് സംഘം ക്ഷീര കര്‍ഷകനോട് പകവീട്ടിയത്. 

ലഹരിവില്‍പനക്കാരുടെ വിളയാട്ടം തടയാന്‍ നാട്ടില്‍ മുന്നില്‍ നിന്ന ക്ഷീരകര്‍ഷകനാണ് അന്നമനട സ്വദേശി ശശി. കഞ്ചാവ് വില്‍പനക്കാരെക്കുറിച്ച് പൊലീസിനോട് വിവരം പറഞ്ഞിരുന്നു. പൊലീസ് അന്വേഷണം ഊര്‍ജിതമായി തുടരുന്നതിനിടെയായിരുന്നു ആക്രമണം. 

പശുവിന്‍റെ വാല്‍ അറുത്തുമാറ്റിയ നിലയിലായിരുന്നു. വെറ്ററിനറി ഡോക്ടര്‍മാര്‍ ചികില്‍സ നല്‍കി. ആരാണ് അക്രമം കാട്ടിയതെന്ന് മാള പൊലീസ് അന്വേഷിച്ചു വരികയാണ്. അക്രമികളുടെ തേര്‍വാഴ്ച കാരണം ക്ഷീര കര്‍ഷകന്‍റെ ഉപജീവനം മുട്ടി. കടം വാങ്ങിയ തുക കൊണ്ടാണ് പശുക്കളെ വാങ്ങി പോറ്റുന്നത്. അക്രമികളെ ഉടന്‍ കണ്ടെത്തി നഷ്ടപരിഹാരം ഈടാക്കിയില്ലെങ്കില്‍ ഈ ക്ഷീരകര്‍ഷകന്‍റെ ഉപജീവനം മുട്ടും.