ആലുവ പറവൂർ കവലയിൽ വ്യാപക മോഷണം; അഞ്ച് കടകളിൽ കവർച്ച

ആലുവയിൽ ഒരാഴ്ച മുൻപ് മുപ്പത് ലക്ഷത്തോളം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്ന വീടിന് അര കിലോമീറ്ററിനുള്ളിൽ മോഷണ പരമ്പര. പറവൂർ കവലയിൽ റോഡരികിലെ അഞ്ച് കടകളിലാണ് ഇന്നലെ രാത്രി മോഷണം  നടന്നത്.

തിരക്കേറിയ ആലുവ പറവൂർകവലയിൽ റോഡരികിലെ അഞ്ചോളം കടകളിലാണ് ഇന്നലെ രാത്രി  മോഷണം നടന്നത്. രണ്ട് തുണിക്കട, ഹാർവെയർ ഷോപ്', ബ്യൂട്ടി പാർലർ, ക്ലിനിക് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. കടകളിൽനിന്ന് പണം നഷ്ടപ്പെട്ടിട്ടുണ്ട്.

സാധന സാമഗ്രികൾ നഷ്ടപ്പെട്ടിട്ടില്ല. കടകളുടെ താഴ് പൊളിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച മുപ്പത് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ട വീട്ടിൽ നിന്ന് അരകിലോമീറ്ററിനുള്ളിലാണ് മോഷണം നടന്ന കടകൾ. സ്വർണ കവർച്ചാ കേസിൽ പോലീസ് ഇരുട്ടിൽ തപ്പുമ്പോഴാണ് പോലീസിനെ ഞെട്ടിച്ച് വീണ്ടും മോഷണം നടന്നിരിക്കുന്നത്.