ഓമശ്ശേരി ജ്വല്ലറി കവര്‍ച്ച: ഇതരസംസ്ഥാനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു

കോഴിക്കോട് ഓമശ്ശേരിയില്‍ ബംഗ്ലദേശുകാരുടെ നേതൃത്വത്തില്‍ ജ്വല്ലറി കവര്‍ച്ചയുണ്ടായ സാഹചര്യത്തില്‍ ഇതരസംസ്ഥാനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പഞ്ചായത്തിന്റെ കര്‍മപദ്ധതി. ജനപ്രതിനിധികള്‍ വീടുകളില്‍ നേരിട്ടെത്തി താമസക്കാരുടെ യഥാര്‍ഥ രേഖകള്‍ പരിശോധിക്കും. പൊലീസിന്റെ സഹകരണത്തോടെ കൗണ്‍സിലിങ് ഉള്‍പ്പെടെ നല്‍കുന്നതിനാണ് തീരുമാനം. 

വ്യാജ തിരിച്ചറിയല്‍ രേഖയുമായാണ് മൂന്ന് ബംഗ്ലദേശുകാര്‍ ആറ് മാസമായി പൂളപൊയിലില്‍ താമസിച്ചിരുന്നത്. ബംഗാള്‍ സ്വദേശികളെന്ന് കെട്ടിട ഉടമയെയും നാട്ടുകാരെയും ഇവര്‍ വിശ്വസിപ്പിച്ചു. തോക്ക് കാട്ടി ഇവര്‍ ജ്വല്ലറിക്കവര്‍ച്ചക്കിറങ്ങിയപ്പോഴാണ് നാട്ടുകാര്‍ക്ക് അപകടത്തിന്റെ വ്യാപ്തി മനസിലായത്. 

ജനപ്രതിനിധികള്‍ നേരിട്ടെത്തി പഞ്ചായത്തിലെ മുഴുവന്‍ കെട്ടിട ഉടമകളില്‍ നിന്നും വിവരം ശേഖരിക്കും. പൊലീസിന്റെ സഹായത്തോടെ രേഖകള്‍ പരിശോധിച്ച് തുടര്‍ നിര്‍ദേശങ്ങള്‍ നല്‍കും. ഇതരസംസ്ഥാനക്കാരില്‍ കുറ്റവാസന കൂടുന്ന സാഹചര്യത്തില്‍ മനശാസ്ത്ര വിദഗ്ധന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണവും നടപ്പാക്കും. 

വീടുകളില്‍ പുതപ്പുള്‍പ്പെടെ വില്‍പനയ്ക്കെത്തുന്നവരെയും പ്രത്യേകം ശ്രദ്ധിക്കാന്‍ ജനങ്ങളെ അറിയിക്കും. കൃത്യമായ വിവരശേഖരണം നടത്തി ഇനിയൊരു അത്യാഹിതമുണ്ടാകാതിരിക്കുന്നതിനാണ് ശ്രമം. ഇതരസംസ്ഥാനക്കാരെ താമസിപ്പിക്കുന്നതിന് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും പല കെട്ടിട ഉടമസ്ഥരും ഇത് പാലിക്കാറില്ല. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നാണ് പഞ്ചായത്തിന്റെ നിലപാട്. കഴിഞ്ഞ ശനിയാഴ്ചയാണ് ഓമശ്ശേരിയിലെ ജ്വല്ലറിയില്‍ ബംഗ്ലദേശുകാരായ മൂന്നംഗ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്നത്. രണ്ടുപേര്‍ രക്ഷപ്പെട്ടെങ്കിലും ഒരാളെ ജ്വല്ലറി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് കീഴ്പെടുത്തി പൊലീസിലേല്‍പ്പിക്കുകയായിരുന്നു.