പൊലീസ് വാഹനത്തിലിടിച്ചു; ടെംപോ ഡ്രൈവര്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദനം

ഡല്‍ഹിയില്‍ പൊലീസ് വാഹനവും ടെംപോ വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ പേരില്‍ ടെംപോ ഡ്രൈവര്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദനം. ഡ്രൈവറെ മര്‍ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു.  പൊലീസുകാരനെ അക്രമിച്ചതിന് ഡ്രൈവര്‍ക്കെതിരെയും കേസെടുത്തു. 

ഡല്‍ഹിയിലെ മുഖര്‍ജി നഗറിലാണ് സംഭവം.  ഗ്രാമീണ്‍ സേവാ സഹകരണ സംഘത്തിന്റെ ടെംപോ ഡ്രൈവറായ സറബ്ജീത് സിങാണ് പൊലീസിന്റെ ക്രൂരമര്‍ദനത്തിന് ഇരയായത്. ടെംപോ വാന്‍ പൊലീസ് വാഹനത്തിലിടിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്.  അപകടത്തിന് പിന്നാലെ പൊലീസും സറബ്ജീത്തും തമ്മില്‍ വാക്കുത്തര്‍ക്കമുണ്ടായി. തര്‍ക്കം മൂത്തതോടെ സറബ്ജീത്ത് കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് പൊലീസുകാരനെ അക്രമിക്കാന്‍ ശ്രമിച്ചു. ഇതില്‍ പ്രകോപിതരായ പൊലീസ് ഇയാളെ നടുറോഡിലിട്ട് ക്രൂരമായി മര്‍ദിച്ചു. നിലത്തിട്ട് ചവിട്ടി, ലാത്തി കൊണ്ടടിച്ചു, റോഡിലൂടെ വലിച്ചിഴച്ചു. 

സറബ്ജീത്തിനെ പൊലീസുകാരുടെ അക്രമത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ച പതിനഞ്ച് വയസുള്ള മകനെയും മര്‍ദ്ദിച്ചു. അപകടത്തില്‍പ്പെട്ട ടെംപോ വാന്‍ ഒടിച്ചത് സറബ്ജീത്തിന്റെ മകനാണെന്നാണ് പൊലീസ് വാദം. മര്‍ദനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ മുഖംരക്ഷിക്കല്‍ നടപടിയുമായ് പൊലീസ് രംഗത്തുവന്നു. സറബ്ജീത്തിനെ മര്‍ദ്ദിച്ച മൂന്ന് പൊലീസുകാരെയും അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. 

പൊലീസുകാരനെ കത്തികൊണ്ട് അക്രമിച്ചതിന്റെ പേരില്‍ സറബ്ജീത്തിനെതിരെയും കേസെടുത്തു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു.