മുഹമ്മദ് സുബൈറിന് ജാമ്യമില്ല; 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍

ഓള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ ജാമ്യാപേക്ഷ ‍ഡല്‍ഹി പട്യാല ഹൗസ് കോടതി തള്ളി. സുബൈറിനെ 14 ദിവസം ജു‍ഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 2018 ലെ ട്വിറ്റര്‍ പോസ്റ്റ് മതവിദ്വേഷം വളര്‍ത്തുന്നതാണെന്ന പരാതിയിലാണ് സുബൈറിനെ അറസ്റ്റ് ചെയ്തത്. വിഡിയോ റിപ്പോർട്ട് കാണാം.

ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി ഡൽഹി പൊലീസ്. വിദേശ സംഭാവന നിയമ ലംഘനം, തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന എന്നീ  വകുപ്പുകളാണ് പുതുതായി ചുമത്തിയത്. ഇതോടെ ഇഡിക്ക് കള്ളപ്പണം വെളുപ്പിക്കലിൽ അന്വേഷണമാരംഭിക്കാം. 2018 ലെ മുഹമ്മദ് സുബൈറിന്റെ ട്വീറ്റ് മതവിദ്വേഷം വളർത്തുന്നതാണെന്ന് കാണിച്ചാണ് കഴിഞ്ഞ 27 ന് ഡൽഹി പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. വിദ്വേഷം വളർത്തൽ, സമൂഹത്തിൽ ഭി ന്നിപ്പുണ്ടാക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ 3 മാസത്തിനിടെ സുബൈറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപ വന്നെന്നും ഇത് നിയമം ലംഘിച്ചാണെന്നും കാണിച്ചാണ് പൊലീസ് വിദേശ സംഭാവന നിയമത്തിലെ വകുപ്പുകൾ കൂടി ചുമത്തിയത്. ഗൾഫ് രാജ്യങ്ങൾ, ബ്രിട്ടൺ, സ്കോട്ട്ലാന്റ് തുടങ്ങിയ ഇടങ്ങളിൽ നിന്നും സുബൈർ സംഭാവന സ്വീകരിചെന്നാണ് പൊലീസ് പറയുന്നത്. ഒപ്പം. ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളും എഫ്ഐആറിൽ ചേർത്തിട്ടുണ്ട്. 

ഇതോടെ കള്ളപ്പണം വെളുപ്പിക്കലിൽ കൂടി അന്വേഷണത്തിന് വഴി തുറന്നിരിക്കുകയാണ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണ വിവരങ്ങൾ കൈമാറാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പൊലീസിന്റെ ആരോപണങ്ങളെ ഓള്‍ട്ട് ന്യൂസ് തള്ളി. ആൾട്ട് ന്യൂസിന് ലഭിച്ച സംഭാവനകളെ  സുബൈറുമായി ബന്ധിപ്പിക്കുകയാണെന്നും സുബൈറിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പൊലീസ് വാദം പൊളിക്കുന്നതാണെന്നും ഓൾട്ട് ന്യൂസ് സ്ഥാപകൻ പ്രതിക് സിന്‍ഹ പ്രതികരിച്ചു.