സൗമ്യ ശ്രദ്ധിക്കാതിരിക്കാൻ മറ്റൊരാളുടെ കാർ; അജാസ് എത്തിയത് എല്ലാം തീരുമാനിച്ച്

വനിതാ സിവിൽ പൊലീസ് ഓഫിസർ സൗമ്യയെ കൊലപ്പെടുത്താൻ അജാസ് വള്ളികുന്നത്ത് എത്തിയത് എറണാകുളം എളമക്കര സ്വദേശി രതീഷിന്റെ കാറിൽ. ഈ കാർ ഉപയോഗിച്ചാണ് സൗമ്യയുടെ സ്കൂട്ടർ ഇടിച്ചു വീഴ്ത്തിയത്. എന്നാൽ, അജാസിനെ വ്യക്തിപരമായി അറിയില്ലെന്നും ബന്ധുവിന്റെ സുഹൃത്തിന് ഉപയോഗിക്കാനാണു കാർ നൽകിയതെന്നും രതീഷ് ‘മനോരമ’യോടു പറഞ്ഞു.

രതീഷിന്റെ പേരിൽ വാങ്ങിയ കാർ ബന്ധു ശ്യാം ആണ് ഉപയോഗിക്കുന്നത്. ‘കഴിഞ്ഞ പെരുന്നാളിന് ശ്യാമിന്റെ സുഹൃത്ത് ആലുവ സ്വദേശി ജാസറിന് ഉപയോഗിക്കാൻ കാർ നൽകിയിരുന്നു. കാർ എങ്ങനെ അജാസിന്റെ കൈവശം എത്തിയെന്ന് അറിയില്ല–’ രതീഷ് പറഞ്ഞു. എളമക്കര പൊലീസ് ശ്യാമിന്റെ മൊഴിയെടുത്തു. അതിൽ പറയുന്നത് ഇപ്രകാരം: ശ്യാം കാർ ഒരു സുഹൃത്തിനു നൽകി.

ഒരു ബന്ധുവിനെ എയർപോർട്ടിൽ നിന്നു കൂട്ടിക്കൊണ്ടുവരാനെന്നു പറഞ്ഞ് ഈ സുഹൃത്തിൽ നിന്ന് അജാസിന്റെ ഒരു ബന്ധു കാർ വാങ്ങി. അജാസ് ഇയാളുടെ കൈയിൽ നിന്നാണു കാർ സംഘടിപ്പിച്ചത്. ഒരു ബന്ധുവിന് തിരുവനന്തപുരത്ത് പിഎസ്‍‌സി പരീക്ഷയ്ക്കു പോകാനാണ് കാർ എന്നാണ് അജാസ് ഇയാളോടു പറഞ്ഞത്. ഇന്നു മൊഴിയെടുപ്പിന് ഹാജരാകണമെന്ന് അന്വേഷണ സംഘം രതീഷിനെയും ശ്യാമിനെയും അറിയിച്ചിട്ടുണ്ട്.

അജാസ് മറ്റൊരാളുടെ കാറുമായി കൊലപാതകം നടത്താനെത്തിയതു സൗമ്യയുടെ ശ്രദ്ധ തിരിക്കാനെന്നു സൂചന. അജാസിന്റെ കയ്യിൽ നിന്നു വാങ്ങിയ പണം നൽകാൻ എറണാകുളത്തു പോയ സൗമ്യയെ സ്വന്തം കാറിലാണ് അയാൾ തിരികെ ഓച്ചിറയിലെത്തിച്ചത്. തന്റെ കാർ കണ്ടാൽ സൗമ്യയ്ക്കു പെട്ടെന്നു തിരിച്ചറിയാമെന്ന സാധ്യത കണക്കിലെടുത്താണു മറ്റൊരാളുടെ കാർ വാങ്ങി യതെന്നു പൊലീസ് പറഞ്ഞു.