മാൻ വേട്ട; വൈത്തിരിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍; അഞ്ചുപേര്‍ക്കായി തിരച്ചില്‍

വയനാട് വൈത്തിരിയില്‍ കലമാനിനെ വേട്ടയാടിയ സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് പൂനൂര്‍ സ്വദേശി ജംഷാദ്, ചമല്‍ സ്വദേശി ഷുക്കൂര്‍ എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അഞ്ചുപേര്‍ക്കായി താമരശേരി, മേപ്പാടി റേഞ്ച് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ തെരച്ചില്‍ തുടങ്ങി. 

മേപ്പാടിയിലെ സ്വകാര്യ തോട്ടത്തില്‍ കഴിഞ്ഞദിവസം രാത്രിയാണ് ഏഴംഗ സംഘം നായാട്ടിനിറങ്ങിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ കലമാനിനെ നാടന്‍ തോക്കുപയോഗിച്ച് വെടിവച്ചിട്ടു. നാലരയോടെ ഇറച്ചിയാക്കി ജീപ്പില്‍ കയറ്റി പൂനൂരെത്തി. സംഘത്തിന്റെ മാന്‍വേട്ട മനസിലാക്കിയ താമരശേരി റേഞ്ച് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം ജംഷാദിന്റെ തേക്കിന്‍തോട്ടത്തെ വീട്ടിലെത്തി. ഇറച്ചി കൈയ്യോടെ പിടികൂടി. പൂനൂരിലെ ഷുക്കൂറിന്റെ വീട്ടിലും ഇറച്ചി സൂക്ഷിച്ചിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഫൈസലിനെത്തേടി വീട്ടിലെത്തിയെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു. എന്നാല്‍ നാടന്‍ തോക്കും നായിട്ടിന് ഉപയോഗിച്ച ആയുധങ്ങളും ജീപ്പും കണ്ടെടുത്തു. 

വൈത്തിരി മേഖലയില്‍ നായാട്ട് സംഘത്തിന്റെ സാന്നിധ്യം പതിവെന്ന വിവരമുണ്ടായിരുന്നു. കലമാന്‍ വേട്ടയ്ക്ക് പിടിയിലായവരാണോ ഇതിന് പിന്നിലെന്ന കാര്യം വിശദമായി പരിശോധിക്കും. 

മൃഗവേട്ട നടന്നത് മേപ്പാടി വനംവകുപ്പിന്റെ പരിധിയിലാണെങ്കിലും സംഘാംഗങ്ങള്‍ താമരശേരി സ്വദേശികളാണ്. പിടികൂടിയ പന്ത്രണ്ട് കിലോയിലധികം ഇറച്ചിയും വാഹനവും ആയുധവുമുള്‍പ്പെടെ മേപ്പാടി റേഞ്ചിലേക്ക് കൈമാറി. മേപ്പാടി, താമരശേരി, റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം.