ബോറടിച്ചു; ഇൻജക്ഷൻ നൽകി 85–പേരെ കൊന്നു; കോടതിയിൽ പൊട്ടിക്കരഞ്ഞ് നഴ്സ്; ശിക്ഷ

85 രോഗികളെ കൊലപ്പെടുത്തിയെന്ന കേസിൽ ജർമനിയിലെ 42–കാരനായ പുരുഷ നഴ്സിന് ജീവപര്യന്തം തടവ് വിധിച്ച് കോടതി. യുദ്ധത്തിന് ശേഷം ഇത്രയും ആളുകളെ കൊല്ലുന്ന കുറ്റവാളി ജർമനിയുടെ ചരിത്രത്തിലാദ്യമാണെന്നാണ് ശിക്ഷ വിധിച്ച് ജ‍‍ഡ്‍ജി പറഞ്ഞത്. 2000–ത്തിനും 2005–നും ഇടയാലുള്ള കാലയളവിലാണ് നീൽസ് ഹോഗൽ എന്ന ഇയാൾ അപകടകരമായ ഇൻജക്ഷനുകൾ കുത്തിവച്ച് രോഗികളെ കൊലപ്പെടുത്തിയത്. 

എന്നാൽ നീൽസ് ഇതിലും അധികം ആളുകളെ കൊലപ്പെടുത്തിയോ എന്ന് അന്വേഷണം നടന്നു വരികയാണ്. ഇതിനായി 130–ഓളം മൃതദേഹങ്ങൾ പോസ്റ്റമോർട്ടം ചെയ്യേണ്ടതുണ്ട്. എന്നാൽ താൻ ചെയ്ത തെറ്റിന് കുടുംബാംഗങ്ങളോട് മാപ്പിരന്നിരിക്കുകയാണ് ഹോഗൽ. ആശുപത്രിക്കിടക്കയിൽ വച്ച് രോഗികളെ മരുന്ന് വച്ച് പീഡിപ്പിച്ച് കൊല്ലുന്നത് ഇയാളുയെ വിനോദമായിരുന്നു.തനിക്ക് ബോറടിച്ചിട്ടാണ് കൊലപാതകങ്ങൾ നടത്തിയതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിരുന്നു.

ആറ് പേരെ കൊന്നതിന് പത്ത് വർഷം ഹോഗൽ ജയിലിൽ കിടന്നിട്ടുണ്ട്. 2000 മുതൽ 2005 വരെയുള്ള കാലയളവിൽ 36 രോഗികളെ ആശുപത്രിയിൽ നിന്നും 64 പേരെ ദൽമൻഹോസ്റ്റിലെ ക്ളിനിക്കിൽവച്ചുമാണ് കൊലപ്പെടുത്തിയത്.