നോര്‍ക്ക ട്രിപ്പിൾ വിൻ: നഴ്സുമാരാകാൻ അയോണയും ജ്യോതിയും ജർമ്മനിയിലേയ്ക്ക്

ജർമ്മനിയും നോര്‍ക്ക റൂട്ട്‌സും ചേര്‍ന്ന് നടപ്പാക്കുന്ന ട്രിപ്പിള്‍ വിന്‍ പദ്ധതി വഴി നഴ്‌സിങ്ങ് മേഖലയില്‍ ജോലി ലഭിച്ചവരുടെ ആദ്യ സംഘം ജർമ്മനിയിലേയ്ക്ക് തിരിച്ചു. ഡിസംബറില്‍ തിരഞ്ഞെടുത്ത ആദ്യബാച്ചിലെ കോട്ടയം സ്വദേശി അയോണ ജോസ്, തൃശ്ശൂര്‍ സ്വദേശി ജ്യോതി ഷൈജു എന്നിവരാണ് ആദ്യ സംഘത്തിലുള്ളത്. കൊച്ചിയില്‍ നിന്ന് ബംഗളൂരു വഴിയാണ് യാത്ര. സ്വപ്‌നസാക്ഷാത്കാരമാണ് ഈ യാത്രയെന്ന് ഇരുവരും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പറഞ്ഞു. ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ഭാഗമായി ഓരോ ഘട്ടത്തിലും നോര്‍ക്ക എല്ലാ സഹായവും നല്‍കിയിരുന്നു. വിമാനടിക്കറ്റുകള്‍ കൈമാറിയതും നോര്‍ക്കയാണ്.

കേരളത്തിലെ നഴ്‌സിങ്ങ് പ്രഫഷണലുകളെ ജര്‍മ്മനിയിലെ ആരോഗ്യമേഖലയിലേക്ക് റിക്രൂട്ട് ചെയ്യുക എന്ന ലക്ഷ്യത്തോടെ 2021 ഡിസംബറിലാണ് നോര്‍ക്ക റൂട്ട്‌സും ജര്‍മ്മന്‍ ഗവണ്‍മെന്റും ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ധാരണാപത്രം ഒപ്പിട്ടത്. കഴിഞ്ഞ മെയിലായിരുന്നു ആദ്യ ഇന്റര്‍വ്യൂ. കേരളത്തിലും ജര്‍മ്മനിയില്‍ എത്തിയശേഷവുമുളള ജര്‍മ്മന്‍ ഭാഷാ പഠനവും, യാത്രാചെലവുകള്‍, റിക്രൂട്ട്‌മെന്റ് ഫീസ് എന്നിവയും സൗജന്യമാണ്. കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലുമുളള ഗോയ്ഥേ സെന്ററിലാണ് ജര്‍മ്മന്‍ ഭാഷാ പഠനം. തിരിഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഭാഷാ പഠന കാലയളവിലുള്‍പ്പെടെ സ്റ്റൈപ്പെന്റ് ലഭിക്കും.

അയോണ ജോസിനും ജ്യോതി ഷൈജുവിനും ഫാസ്റ്റ് ട്രാക്ക് റിക്രൂട്ട്‌മെന്റ് വഴിയാണ് നിയമനം ലഭിച്ചത്. ആദ്യ ബാച്ചിലെ നാല് നഴ്സുമാര്‍ കൂടി വീസ ലഭിക്കുന്നമുറയ്ക്ക് ജര്‍മ്മനിയിലേയ്ക്ക് തിരിക്കും. പദ്ധതിയുടെ ഭാഗമായി ഗോയ്‌ഥേ സെന്ററില്‍ ജര്‍മ്മന്‍ ഭാഷാ  പഠനം നടത്തുന്ന 172 ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡിസംബറോടെ ജര്‍മ്മനിയിലേയ്ക്ക് പോകാന്‍ കഴിയുമെന്ന് നോര്‍ക്ക അറിയിച്ചു.

നോര്‍ക്ക റൂട്ട്‌സും, ജര്‍മ്മന്‍ ഗവണ്‍മെന്റ് ഏജന്‍സിയായ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സി, ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ ഓപ്പറേഷന്‍ (GIZ) എന്നിവയുടെ സഹകരണത്തോടെയാണ് ട്രിപ്പിള്‍ വിന്‍ പദ്ധതി നടപ്പിലാക്കുന്നത്. കേരള സര്‍ക്കാറിനും ജര്‍മ്മനിയ്ക്കും നഴ്‌സിങ്ങ് പ്രൊഫഷണലുകള്‍ക്കും നേട്ടമാകുമെന്നതിനാലാണ് ട്രിപ്പിള്‍ വിന്‍ എന്ന് പേരിട്ടത്.

NORKA trained Kerala Nurses leave for Germany ​| Triple Win Project