നഴ്സുമാര്‍ക്ക് ജര്‍മനിയില്‍ വന്‍ തൊഴിലവസരം; 'ട്രിപ്പിൾ വിൻ പദ്ധതി'

കേരളത്തില്‍ നിന്നുള്ള നഴ്സുമാര്‍ക്ക് ജര്‍മനിയില്‍ വന്‍ തൊഴിവസരങ്ങള്‍ക്ക് വഴി തുറക്കുന്ന ട്രിപ്പിള്‍ വിന്‍ പദ്ധതിക്ക് തുടക്കമായി. ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും നോര്‍ക്ക റൂട്സുമായി ഇതിനുള്ള കരാര്‍ ഒപ്പിട്ടു. കോവിഡാനന്തര സാഹചര്യത്തില്‍ പതിനായിരത്തോളം നഴ്സുമാരെ ജര്‍മനിക്ക് ആവശ്യമുണ്ടെന്ന് ജര്‍മന്‍ അധികൃതര്‍ അറിയിച്ചു. 2022ഓടെ ആദ്യ ബാച്ച് നഴ്സുമാരെ ജര്‍മനിയിലെത്തിക്കാനാകുമെന്നാണ് നോര്‍ക്ക അധികൃതരുടെ പ്രതീക്ഷ. 

ജര്‍മന്‍ ഭാഷയില്‍ ബി2 ലെവല്‍ യോഗ്യതയാണ് ജര്‍മനിയില്‍ നഴ്സിങ് ജോലിക്കുള്ള അടിസ്ഥാന ഭാഷായോഗ്യത. നോര്‍ക്ക വഴി റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് ബി1 ലെവല്‍ യോഗ്യത നേടി ജര്‍മനിയില്‍ എത്തിയതിനു ശേഷം ബി2 ലെവല്‍ യോഗ്യത നേടിയാല്‍ മതി. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജര്‍മന്‍ ഭാഷാ പ്രാവീണ്യം നേടുന്നതിന് സൗജന്യമായി അവസരം ഒരുക്കും. ബി1 ലെവല്‍ പാസ്സായാല്‍ ഉടന്‍ വിസ നടപടികള്‍ ആരംഭിച്ച് കാലതാമസമില്ലാതെ ജര്‍മനിയിലെത്താം. തുടര്‍ന്ന് ബി2 ലെവല്‍ ഭാഷാ പരിശീലനവും ജര്‍മനിയിലെ ലൈസെന്‍സിങ് പരീക്ഷക്കുള്ള പരീശീലനവും അവിടെയുള്ള തൊഴില്‍ ദാതാവ് നല്കും. ജര്‍മനിയില്‍ എത്തി പരീക്ഷ പാസ്സാകുന്ന വരെയുള്ള കാലയളവില്‍ കെയര്‍ ഹോമുകളില്‍ ജോലി ചെയ്യുന്നതിനും ജര്‍മന്‍ പൗരന്‍മാര്‍ക്ക് തുല്ല്യമായ ശമ്പളം ലഭിക്കുന്നതിനും അവസരമുണ്ട്.

ആദ്യമായാണ് ഇന്ത്യയില്‍ നിന്ന് ജര്‍മനിയിലേക്ക് സര്‍ക്കാര്‍ തലത്തില്‍ റിക്രൂട്ട്മെന്‍റിന് അവസരമൊരുങ്ങുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്‍റ് തുടങ്ങാനുള്ള ശ്രമത്തിന്‍റെ ആദ്യപടിയാണിത്. മുഖ്യമന്ത്രിയുടെ ചേംബറില്‍ വച്ച് നോര്‍ക്ക റൂട്സ് സിഇഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരിയും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്‍റ് ഏജന്‍സിക്കുവേണ്ടി കോണ്‍സിലര്‍ ജനറല്‍ അച്ചിം ബുര്‍ക്കാര്‍ട്ടും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.