മുത്തുസെൽവം സ്ഥലത്തുണ്ട്, ജാഗ്രതൈ! സിലിണ്ടറും ഉപകരണങ്ങളും മറന്നത് പൊല്ലാപ്പായി

ജാഗ്രതൈ! തമിഴ്നാട്ടുകാരൻ മോഷ്ടാവ് മുത്തു സെൽവം കൊച്ചിയിൽനിന്ന് ആലുവയിലേക്കു കടന്നുവെന്ന വാർത്ത ഞെട്ടലോടെയാണു നാട്ടുകാരും പൊലീസും കേട്ടത്. ഇരുകൂട്ടരും ജാഗരൂകരായി. ജനലുകളും മറ്റും രാത്രി തുറന്നിടരുതെന്നും കമ്പിപ്പാര പോലുള്ള ആയുധങ്ങളൊന്നും പുറത്തില്ലെന്ന് ഉറപ്പു വരുത്തണമെന്നും റസിഡന്റ്സ് അസോസിയേഷനുകൾ മുഖേന വീടുകളിൽ പൊലീസിന്റെ സന്ദേശമെത്തി. സ്വാഭാവികം. എല്ലാം വേണ്ടതു തന്നെ

റൂറൽ എസ്പി ഓഫിസിനു സമീപം ഒരു വീടിന്റെ അടുക്കള ഭാഗത്തു ചെറിയ ഗ്യാസ് സിലിണ്ടറും (പാചക വാതകമല്ല) കട്ടർ പോലുള്ള  ഉപകരണങ്ങളും കണ്ടെത്തിയതോടെയാണ് ആലുവ ടെൻഷനടിച്ചു തുടങ്ങിയത്. വീട്ടുകാർ ബെംഗളൂരുവിലായിരുന്നു. രാവിലെ ജോലിക്കാരി വന്നപ്പോഴാണു പരിചയമില്ലാത്ത ഉപകരണങ്ങൾ കണ്ടത്. മുത്തു സെൽവത്തിന്റെ കവർച്ചക്കഥകളും സിസിടിവി ദൃശ്യങ്ങളും മാധ്യമങ്ങളിൽ വന്ന ദിവസമായിരുന്നു അത്. അയാളുടേതാകുമോ ഈ സാധനങ്ങൾ  എന്നു ചിന്തിച്ച ജോലിക്കാരിയെ കുറ്റപ്പെടുത്താനാവില്ല. ഉടൻ അയൽക്കാരെ അറിയിച്ചു. അവർ റസിഡന്റ്സ് അസോസിയേഷൻകാരെ. അവർ പൊലീസിനെയും.

പൊലീസ് പാഞ്ഞെത്തി സാധനങ്ങൾ കസ്റ്റഡിയിലെടുത്തു. അപരിചിതരെ പരിസരത്തു സംശയകരമായ സാഹചര്യത്തിൽ കണ്ടാൽ അറിയിക്കാനും നിർദേശിച്ചു. രണ്ടു മൂന്നു മണിക്കൂർ കഴിഞ്ഞപ്പോൾ ബൈക്കിൽ 2 യുവാക്കൾ ഈ വീട്ടിലെത്തി. അവർ മുറ്റത്തു ചുറ്റിത്തിരിയുന്നതു കണ്ട വേലക്കാരി അകത്തുനിന്നു നിരീക്ഷിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അവർ കോളിങ് ബെല്ലടിച്ചു.

ആളുണ്ടോ എന്നു പരീക്ഷിക്കുന്നതാവും എന്നു കരുതി ജോലിക്കാരി മിണ്ടിയില്ല. വീണ്ടും അയൽക്കാരെ വിളിച്ചു. അവർ കൂട്ടമായാണ്‌ എത്തിയത്. ആൾക്കൂട്ടം കണ്ടു യുവാക്കൾ പരുങ്ങി. നിങ്ങൾക്ക് എന്താണിവിടെ കാര്യമെന്നായി നാട്ടുകാർ. പന്തികേടു മണത്ത യുവാക്കൾ താഴ്മയായി പറഞ്ഞു:

‘ഞങ്ങളിവിടെ ഒരു സിലിണ്ടറും സാധനങ്ങളും വച്ചിരുന്നു. ഇപ്പോൾ കാണുന്നില്ല. ഇവിടത്തെ എസി കേടാണെന്നു സാർ പറഞ്ഞിരുന്നു. ഗ്യാസ് നിറയ്ക്കാൻ വന്നതാണ്. ആരുമില്ലാത്തതിനാൽ മറ്റൊരു വർക്കിനു പോയിട്ടു വീണ്ടും വരുന്നതാണ്.’ സാധനങ്ങളെല്ലാം മുത്തു സെൽവത്തിന്റേതാണെന്നു കരുതി പൊലീസ് കൊണ്ടുപോയെന്നും അവിടെപ്പോയി വാങ്ങാനും നാട്ടുകാർ പറഞ്ഞതോടെ യുവാക്കൾ സ്ഥലം വിട്ടു. സ്റ്റേഷനിൽ പോയി സാധനങ്ങൾ വാങ്ങണോ വേണ്ടയോ എന്നു യുവാക്കളും അവരുടെ സ്ഥാപനവും തീരുമാനിച്ചിട്ടില്ല!