ട്രെയിൻ വഴി ലഹരിക്കടത്ത്; ഒരുമാസത്തിനിടെ പിടികൂടിയത് ലക്ഷങ്ങളുടെ ലഹരിശേഖരം

കഴിഞ്ഞ ഒരുമാസത്തിനിടെ ഷൊര്‍ണൂരിനും കണ്ണൂരിനുമിടയില്‍ റയില്‍വേ പൊലീസ് പിടികൂടിയത് ലക്ഷങ്ങളുടെ ലഹരിശേഖരം. എഴുപത്തി അഞ്ച് കിലോയിലധികം കഞ്ചാവും മൂന്നൂറിലധികം കുപ്പി മദ്യവും പിടിച്ചെടുത്തു. ഒന്‍പത് ഇതരസംസ്ഥാനക്കാരുള്‍പ്പെടെ പതിനൊന്ന് പേര്‍ അറസ്റ്റിലായി. 

ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ലഹരിയെത്തിക്കാന്‍ ഏറ്റവും എളുപ്പമാര്‍ഗം. ചെറിയ ചെലവിനൊപ്പം കൊണ്ടുവരുന്നവര്‍ക്ക് രക്ഷപ്പെടാനുള്ള വഴിയുമേറെ. ട്രെയിന്‍ വഴിയുള്ള ലഹരികടത്തിന് കൂടുതലാളുകളെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്. കഞ്ചാവും പാന്‍മസാലയുമാണ് കൂടുതല്‍. പലപ്പോഴും അലക്ഷ്യമായി സൂക്ഷിച്ചിരിക്കുന്ന ലഗേജിലായിരിക്കും ലഹരിയുണ്ടാകുക. 

ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തുന്നുവെന്ന് മനസിലാക്കിയാല്‍ ഉടന്‍ കടത്താന്‍ ശ്രമിച്ചവര്‍ രക്ഷപ്പെടും. കഴിഞ്ഞ ഇരുപത് ദിവസത്തിനിടെ എഴുപത്തി നാല് കിലോയിലധികം കഞ്ചാവാണ് റയില്‍വേ പൊലീസ് പിടികൂടിയത്. മുന്നൂറിലധികം കുപ്പി മാഹി മദ്യവും പിടികൂടി. നിരോധിത പാന്‍ ഉല്‍പ്പന്നങ്ങളും പിടികൂടിയവയിലുണ്ട്. 

ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നായി പിടികൂടിയ കേസുകളില്‍ പതിനൊന്നാളുകളുടെ അറസ്റ്റ് രേഖപ്പെടുത്തി. അവധിക്കാലം കഴിഞ്ഞാലും നിലവില്‍ തുടരുന്ന പരിശോധനയില്‍ മാറ്റമുണ്ടാകില്ല. പ്രധാന റയില്‍വേ സ്റ്റേഷനുകളില്‍ ഡോഗ് സ്ക്വാഡിന്റേത് ഉള്‍പ്പെടെ സഹായത്താല്‍ ലഹരിവരവ് പരിശോധിക്കുന്നുണ്ട്.  രാത്രികാലങ്ങളിലെ പരിശോധനയും ലഹരികടത്ത് കുറയ്ക്കാന്‍ സഹായകമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.