ട്രാൻസ്ജെൻഡർ ഷാലുവിന്റെ ദുരൂഹമരണം; തുമ്പില്ലാതെ പൊലീസ്

കോഴിക്കോട്  നഗരത്തില്‍ ട്രാന്‍സ്ജന്‍ഡര്‍  കൊല്ലപ്പെട്ട് ഒന്നരമാസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനാവാതെ പൊലീസ്.  സി.സി.ടിവി. ദൃശ്യങ്ങള്‍  കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം.

മാര്‍ച്ച് 31 ന് രാത്രിയാണ് കെ.എസ്. ആര്‍,ടി.സി സ്റ്റാന്‍ഡിന് സമീപത്തെ ശങ്കുണ്ണി റോഡില്‍ കൊലപാതകം നടക്കുന്നത്. കണ്ണൂര്‍ ആലക്കോട് സ്വദേശിയായ ട്രാന്‍സ്ജഡര്‍ ശാലുവിനെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. കൊല്ലപെടുന്നതിന് തൊട്ടുമുമ്പ് ശാലുവും ഒരു യുവാവും ഒന്നിച്ച് നടന്നുപോകുന്നത് സമീപത്തെ കടയിലെ സിസിടി.വി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം.  

ഇതുവരെ പതുമൂന്ന് പേരെ പൊലീസ് ചോദ്യം ചെയ്തു. ഇതില്‍ ശാലു കൊല്ലപെടുന്ന ദിവസം ശാലുവിന്റെ കൂടെയുണ്ടായിരുന്ന മൂന്നുപേരെ തിരിച്ചറിഞ്ഞു. എന്നാല്‍ ഇവര്‍ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്ന ്വ്യക്തമായതോടെ അന്വേഷണം വഴിമുട്ടി. നഗരമധ്യത്തില്‍ നടന്ന കൊലപാതകമായിട്ടും പ്രതിയിലേക്കെത്താന്‍ കഴിയാത്തത് പൊലീസിനെയും കുഴക്കിയിരുന്നു. 

ഇതിനിടയ്ക്കാണ് നഗരത്തിലെ പ്രമുഖ ഹോട്ടലിന്റെ ബാറില്‍ ശാലുവും യുവാവും ഒന്നിച്ചുള്ള  ദൃശ്യങ്ങള്‍ പുറത്തായത്. ദൃശ്യത്തിലെ യുവാവിനെ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. കൊലപാതകത്തില്‍ ഇയാളുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചാല്‍ അറസ്റ്റുണ്ടാകുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. കോഴിക്കോട്ടെ ട്രാന്‍സ്ജന്‍ഡര്‍ കൂട്ടായ്മയായ പുനര്‍ജനിയിലെ അംഗങ്ങളില്‍നിന്നും പലവട്ടം മൊഴിയെടുത്തു. ഷാലുവിന്റെ ദുരൂഹമരണത്തില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന ശക്തമായ ആവശ്യവുമായി ട്രാന്‍സ്ജന്‍ഡര്‍ കൂട്ടായ്മയും രംഗത്തെത്തിയിട്ടുണ്ട്.