ടെക്നോപാര്‍കിലേക്ക് എല്‍.എസ്.ഡി സ്റ്റാമ്പുകളും നൈട്രോസിന്‍ ഗുളികളും; ഫോര്‍ട്ട് കൊച്ചി സ്വദേശി പിടിയിൽ

തിരുവനന്തപുരം ടെക്നോപാര്‍ക് കേന്ദ്രീകരിച്ച് വില്‍പനയ്ക്കായി കൊണ്ടുവന്ന എല്‍.എസ്.ഡി സ്റ്റാമ്പുകളും നൈട്രോസിന്‍ ഗുളികളുമായി ഫോര്‍ട് കൊച്ചി സ്വദേശി പിടിയില്‍. ആന്‍റണിയാണ് കഴക്കൂട്ടം എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്. ഡി.ജെ.പാര്‍ട്ടികളില്‍ വില്‍പനയ്ക്കായി കൊണ്ടുവന്നതാണ് എല്‍.എസ്.ഡി സ്റ്റാമ്പുകളും നൈട്രോസിന്‍ ഗുളികളും

  ടെക്നോപാര്‍ക്ക് ഫേസ് ത്രീക്ക് മുന്നില്‍ നിന്നാണ്  ആന്‍റണിയെ എക്സൈസ് സംഘം പിടികൂടിയത്. ഇയാളില്‍ നിന്നും 15 എല്‍എസ്ഡി സ്റ്റാമ്പുകളും 70 നൈട്രോസിന്‍ ഗുളികളും കണ്ടെത്തിയിട്ടുണ്ട്. ആഴ്ചയവസാനം ടെക്നോപാര്‍ക്കിനു സമീപത്തുള്ള ഹോട്ടലുകളില്‍ നടക്കുന്ന ഡിജെ പാര്‍ട്ടികളില്‍ ലഹരി മരുന്നു ഉപയോഗം വ്യാപകമാകുന്നതായി എക്സൈസിനു നേരത്തെ വിവരം ലഭിച്ചിരുന്നു. 

ചില ഹോട്ടലുടമകള്‍ ഇതിനു ഒത്താശ ചെയ്യുന്നതായും സൂചനയുണ്ട്. തുടര്‍ന്നു നടന്ന പരിശോധനയിലാണ് ഫോര്‍ട്കൊച്ചി സ്വദേശി ആന്‍റണിയെ കുറിച്ച് വിവരം ലഭിച്ചത്. കഴക്കൂട്ടത്തു നിന്നു കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന റെയ്ഡിലും ലഹരി മരുന്നു പിടികൂടിയിരുന്നു.