'ആപ്പിൾ' കണ്ട നായനാർ ചോദിച്ചു..ഇതുപോലൊന്ന് തുടങ്ങിയാലോ? ടെക്നോപാർക്കിന് 30 വയസ്

കേരളത്തില്‍ ഐ.ടി വ്യവസായത്തിന്റെ വാതില്‍ തുറന്നിട്ട് ടെക്നോപാര്‍ക്ക് രൂപീകൃതമായിട്ട് മുപ്പതുവര്‍ഷം. അയ്യായിരം പേര്‍ക്ക് തൊഴില്‍ നല്‍കാനുദ്ദേശിച്ചു തുടങ്ങിയ ടെക്നോപാര്‍ക്കില്‍ ഇന്ന് ജോലി ചെയ്യുന്നത് എഴുപതിനായിരത്തിലേറെ പേര്‍.   

ഫാക്ടറികള്‍ തുറക്കുന്നതാണ് വ്യവസായമെന്ന പൊതുബോധത്തെ മാറ്റിമറിച്ചാണ് ഈ കാണുന്ന സ്ഥലത്ത് ടെക്നോപാര്‍ക്ക് പിറവിയെടുക്കുന്നത്. അതിന് കാരണമായത് മുഖ്യമന്ത്രിയായിരിക്കെ അമേരിക്കയിലെ ആപ്പിള്‍ കമ്പനിയില്‍ ഇ.കെ.നായനാര്‍ നടത്തിയ സന്ദര്‍ശനവും. ആപ്പിള്‍ പോലെ സ്വപ്ന ശമ്പളം നല്‍കുന്ന സ്ഥാപനം കൊച്ചുകേരളത്തിലും വേണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹത്തില്‍ നിന്ന് കഴക്കൂട്ടത്ത് 1990 ജൂലൈ 28ന് ടെക്നോപാര്‍ക്ക് രൂപീകരിക്കപ്പെട്ടു.  

ടെക്നോപാര്‍ക്കിന്റെ വരവോടെ തലസ്ഥാനനഗരത്തിന്റെ വളര്‍ച്ച കഴക്കൂട്ടത്തേക്കായി. ഇടത്തരം കുടുംബങ്ങളുടെ സാമ്പത്തികനില ഉയര്‍ന്നു. ജീവനക്കാരില്‍ അറുപത് ശതമാനവും വനിതകളുള്ള ടെക്നോപാര്‍ക്ക് കേരളീയ സമൂഹത്തില്‍ വരുത്തിയ മാറ്റം വലുതാണ്. ടെക്നോപാര്‍ക്ക് തുടങ്ങിയതോടെ ഐ.ടി. സംരംഭകര്‍ കേരളത്തില്‍ നിന്നും ഉയര്‍ന്നുവന്നു. ടെക്നോപാര്‍ക്കില്‍ ആദ്യം തുടങ്ങിയ അഞ്ചുകമ്പനികളിലൊന്നായ സീവ്യൂ സപ്പോര്‍ട്ട് സിസ്റ്റത്തിന്റെ സ്ഥാപകനായ കഴക്കൂട്ടം സ്വദേശി ആര്‍.പി.ലാലാജിയെപോലെ നിരവധി പേര്‍.

കോവിഡ് കാലത്ത് ടെക്നോപാര്‍ക്കും ഏറെ മാറി. കെട്ടിടങ്ങളുടെ അകത്തളങ്ങളും ഇടനാഴികളും ശൂന്യം. 99 ശതമാനം പേരും വീട്ടിലിരുന്ന് ജോലി ചെയ്യുന്നു. യുവത്വത്തിന്റെ ഊര്‍ജം പ്രസരിച്ച കാലം മടങ്ങിവരാനുള്ള കാത്തിരിപ്പിലാണ് ടെക്നോപാര്‍ക്ക്.