കടയ്ക്കലിൽ മധ്യവയസ്കൻ കൊല്ലപ്പെട്ട കേസിൽ ഒരാൾ അറസ്റ്റിൽ; രണ്ടാമനായി തിരച്ചിൽ

കൊല്ലം കടയ്ക്കലിൽ വാക്കുതര്‍ക്കത്തിനിടെ മധ്യവയസ്കൻ കൊല്ലപ്പെട്ട കേസിൽ ഒരാൾ അറസ്റ്റിൽ. തുടയന്നൂർ സ്വദേശി ശശിധരന്‍ പിള്ളയാണ് പിടിയിലായത്. ഒളിവിൽ പോയ കേസിലെ കൂട്ടുപ്രതിയും ശശിധരന്‍ പിള്ളയുടെ മകനുമായ ഉണ്ണികൃഷ്ണനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. കൊല്ലപ്പെട്ട രാധാകൃഷ്ണ പിള്ളയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടത്തിന് േശഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു

തുടയന്നൂര്‍ സ്വദേശകളാണ് രാധാക‍ൃഷ്ണ പിള്ളയും ശശിധരന്‍ പിള്ളയും. മദ്യലഹരിയിലായിരുന്ന ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം വീടിന് സമീപത്തെ കടയില്‍വെച്ചു വഴക്കുണ്ടായി. വഴക്കിന് ശേഷം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന രാധാകൃഷ്ണപിള്ളയെ ശശിധരന്‍പിള്ളയുടെ മകന്‍ ഉണ്ണികൃഷ്ണന്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തി കൈയേറ്റം ചെയ്തു. തുടര്‍ന്ന് രാധാകൃഷ്ണപിള്ള വീട്ടില്‍ നിന്നു ആയുധവുമായി എത്തി ഉണ്ണികൃഷ്ണനെ മര്‍ദിച്ചു.

കൈയിലുണ്ടായിരുന്ന വാളുകൊണ്ട് ഉണ്ണികൃഷ്ണന്‍ രാധാകൃഷ്ണനെ വെട്ടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഒഴിഞ്ഞു മാറി. ഇതിനിടെ വിവരമറിഞ്ഞെത്തിയ ശശിധരന്‍ പിള്ള കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് രാധാകൃഷ്ണപിള്ളയുെട നെഞ്ചിലും മുതുകിലും കുത്തി. ചോരവാര്‍ന്ന് റോഡില്‍ കിടന്ന രാധാകൃഷ്ണപിള്ളയെ ഒരു മണിക്കൂറിന് ശേഷം ആശുപത്രിയല്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഉടന്‍ തന്നെ ശശിധരന്‍ പിള്ളയെ പൊലീസ് പിടികൂടി. മകന്‍ ഒളിവില്‍ പോയി. രാധാകൃഷ്ണ പിള്ളയും ശശിധരന്‍ പിള്ളയും തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഇരുവരുടെയും ഭാര്യമാര്‍ക്കും പരുക്കേറ്റിരുന്നു.