കോടികളുടെ സ്വര്‍ണപ്പണയവുമായി മുങ്ങിയ ഫിനാന്‍സ് ഉടമയെ പിടികൂടാനാവാതെ പൊലീസ്

സ്വര്‍ണപണയം വെച്ച ഇടപാടുകാരെ കബളിപ്പിച്ച് കോടികളുടെ സ്വര്‍ണപണയവുമായി പാറശാല ഫ്രാങ്കോ ആല്‍വിന്‍ ഫിനാന്‍സ് ഉടമ മുങ്ങി ഒരാഴ്ചയായിട്ടും പ്രതിയെ കണ്ടെത്താനാകാതെ കേരള–തമിഴ്നാടു പൊലീസ്. അന്വേഷണം പുരോഗമിക്കുന്നുവെന്നും പ്രതി കുടുങ്ങുമെന്നും പാറശാല പൊലീസ് പറയുമ്പോള്‍, ഫ്രാങ്കോ കേരളത്തില്‍ എവിടെയോ ഉണ്ടെന്നാണ് തമിഴ്നാട് പൊലീസിന്റെ അവകാശവാദം. ഗ്രാമീണമേഖലയായ പാറശാലയിലെ ജനങ്ങളുടെ വിശ്വാസംനേടിയെടുത്താണ്   തമിഴ്നാട് സ്വദേശിയായ ഫ്രാങ്കോ സ്വര്‍ണ തട്ടിപ്പ് നടത്തിയത്.

പലചരക്ക് വിറ്റിരുന്ന കടമുറി കച്ചവടക്കാര്‍ ഒഴിഞ്ഞപ്പോള്‍ അത് ഫിനാന്‍സ് സ്ഥാപാമാക്കി മാറ്റുകയായിരുന്നു ഫ്രാങ്കോ ആല്‍വിന്‍. പ്രദേശവാസിയായ സ്ത്രീയെ തന്നെ ജീവനക്കാരിയാക്കി.ഇതോടെ ആളുകളുടെ വിശ്വാസം നേടിയെടുത്തു. അത്യാവശ്യത്തിന് സ്വര്‍ണവുമായി ഓടിവന്ന് ജീവിതചെലവിന് വായ്പയെടുത്ത തങ്കമ്മയേ പോലെയുള്ളവരാണ്  ഫ്രാങ്കോ കബളിപ്പിച്ചത്. 

മെയ്ദിനത്തിന് ശേഷം പണയം എടുക്കാന്‍ വന്നവര്‍ക്ക് അത് തിരിച്ചുകൊടുക്കാന്‍ കഴിയാതെ വന്നതോടെ ഉടമ മുങ്ങി,ധനകാര്യസ്ഥാപനത്തിന് പൂട്ടുവീണു. 167 പേര്‍ പാറശാല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.പക്ഷെ പൊലീസ് അന്വേഷണത്തില്‍ ആര്‍ക്കും പ്രതീക്ഷയില്ല. 

പണയം ഉരുമ്പടികള്‍ ഫാങ്കോ അന്നന്നു തന്നെ  സഹായിയെ വിട്ട് എടുപ്പിക്കുമായിരുന്നുവെന്ന്  ജീവനക്കാരി ബിന്ദു പറഞ്ഞു.  തട്ടിപ്പ് നടത്താനുള്ള സാഹചര്യത്തെപ്പറ്റി ഒരു സംശയവും തോന്നിയിരുന്നില്ല.പണയം വെച്ചവരുടെ രേഖകള്‍ കൃത്യമായി സൂക്ഷിച്ചിരുന്നു. ലൈസെ‍ന്‍സുള്ള സ്ഥാപമായതിനാല്‍ ഇടപാടുകാരും വിശ്വസിച്ചിരുന്നു.

പ്രതി മുങ്ങി ഒരാഴ്ചയായിട്ടും പിടിക്കാന്‍ കഴിയാതിരുന്നതിന് ഉത്തരവാദിത്വം കേരള തമിഴ്നാട് പൊലീസുകള്‍ പരസ്പരം കൈമാറുകയാണ്. . പ്രതിയുടെ ഫോണ്‍ ഓഫായിരിക്കുന്നത് കേരളത്തിലാണന്നും അതിനാല്‍ പ്രതി കണ്ടെത്തുക കേരള പൊലീസിനാണ് എളുപ്പമെന്നും തമിഴ്നാട് പൊലീസ് പറയുന്നു.  തമിഴ്നാട് ആണ് ഫ്രാങ്കോ ആല്‍വിന് ഫിന്‍ാസ് കമ്പനിയുടെ ആസ്ഥാനാമെന്നും അതിനാല്‍ കേസ് അവിടേക്ക് കൈമാറേണ്ടതാണെന്ന് പാറശാല പൊലീസും പറയുന്നു.