തൃശൂരിൽ ‘വഴി തെറ്റിയെത്തിയ’ 370 കിലോ കഞ്ചാവ് പിടികൂടി

തൃശൂര്‍ റയില്‍വേ സ്റ്റേഷനില്‍ ഇന്നലെ പിടികൂടിയ 370 കിലോ കഞ്ചാവ് കേരളത്തില്‍ വില്‍ക്കാന്‍ ഉദ്ദേശിച്ചു കടത്തിയതല്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ എക്സൈസിന് ബോധ്യപ്പെട്ടു. ഭുവനേശ്വറിലെ സ്വകാര്യ വ്യക്തിയുടെ പേരിലാണ് പാഴ്സലെന്ന് എക്സൈസ് കണ്ടെത്തി.

ഭുവനേശ്വര്‍ റയില്‍വേ സ്റ്റേഷനില്‍ ഇറക്കേണ്ട 370 കിലോ കഞ്ചാവാണ് കേരളത്തിലേക്ക് എത്തിയത്. ട്രെയിനിലെ പാഴ്സല്‍ ഭുവനേശ്വര്‍ സ്റ്റേഷനില്‍ ഇറക്കാന്‍ റയില്‍വേ ജീവനക്കാര്‍ക്കു കഴിഞ്ഞിട്ടില്ലെന്നാണ് നിഗമനം. ട്രെയിന്‍ എറണാകുളത്ത് എത്തി തിരിച്ച് ബിലാസ്പൂരിലേക്ക് മടങ്ങുംവഴി പാഴ്സല്‍ വീണ്ടും ഭുവനേശ്വരില്‍ ഇറക്കാനായിരുന്നു റയില്‍വേ ജീവനക്കാരുടെ ശ്രമം. സമാനമായി പലപ്പോഴും പാഴ്സല്‍ ഇറക്കിയില്ലെങ്കില്‍ ട്രെയിനിന്‍റെ മടക്കയാത്രയില്‍ ഇറക്കാറുണ്ട്. റയില്‍വേ സംരക്ഷണ സേനയിലെ ജീവനക്കാര്‍ക്കു പാഴ്സലില്‍ നിന്ന് കഞ്ചാവിന്‍റെ മണം കിട്ടി. അങ്ങനെയാണ്, എക്സൈസിന് വിവരം കൈമാറുന്നതും ചാക്കുകള്‍ പിടികൂടി പരിശോധിക്കുന്നതും. 

ഓയില്‍ ഊറ്റിയെടുത്ത ശേഷമുള്ള കഞ്ചാവ് ഇലകളാണ് കണ്ടെടുത്തത്. ഗുണനിലവാരം മികച്ചതല്ലാത്ത കഞ്ചാവാണിത്. ഇലകള്‍ ചെറിയ കഷണങ്ങളാക്കിയും പൊടിച്ചും സൂക്ഷിച്ചിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളില്‍ ഭാംഗ് ആയി ഉപയോഗിക്കുന്നതും ഇത്തരം ഇനങ്ങളാണ്. കേരളത്തില്‍ ഇത്തരം ഇനങ്ങള്‍ ഉപയോഗിക്കാറില്ലെന്നാണ് വിലയിരുത്തല്‍. ബീഹാറില്‍ റയില്‍വേ അധികൃതരുടെ സഹായം അന്വേഷണത്തിനായി എക്സൈസ് തേടിയിട്ടുണ്ട്