കൊച്ചിയില്‍ 15 കിലോ കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ

കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട. പതിനഞ്ചുകിലോ ഗ്രാം കഞ്ചാവുമായി രണ്ടുപേരെ പൊലീസ് പിടികൂടി. ബാലരാമപുരം സ്വദേശി അഭിഷേക്, ഇരിങ്ങാലക്കുട സ്വദേശി അനന്തു എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു സംഭവ ത്തില്‍   നെടുമ്പാശേരി വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഒരു കിലോ മുന്നൂറു ഗ്രാം  കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് കടത്താന്‍ ശ്രമിച്ച കൊല്ലം സ്വദേശി ക്ളമെന്റിനെ അറസ്റ്റുചെയ്തു 

കൊച്ചി സിറ്റി പൊലീസിന്റെ ഓപ്പറേഷന്‍ കിങ് കോബ്രയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കലൂര്‍ മെട്രോ സ്റ്റേഷനു സമീപത്തുനിന്ന് പതിനഞ്ചരക്കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് മൂന്നാറിലേക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് രണ്ടുപേര്‍ പാലാരിവട്ടം പൊലീസിന്റെ വലയിലായത്. ആന്ധ്രയിലെ വിശാഖപട്ടണത്തു നിന്ന് ട്രെയിൻ വഴിയാണ് കഞ്ചാവ് കൊച്ചിയിലെത്തിച്ചത്. തുടര്‍ന്ന് കെഎസ്ആർടിസി ബസിൽ മൂന്നാറിലേക്ക് കൊണ്ടു പോകാനായിരുന്നു ഇരുവരുടെയും ശ്രമം. മൂന്നാറിലെ വിനോദസഞ്ചാരികളേയും അവധിക്കാലം ആഘോഷിക്കാൻ എത്തുന്ന വിദ്യാർഥികളേയും ലക്ഷ്യമിട്ടാണ് ഇവർ കഞ്ചാവ് എത്തിച്ചത്. കെഎസ്ആർടിസി ബസിൽ സഞ്ചരിക്കുകയായിരുന്ന പ്രതികളെ കമ്മിഷണര്‍ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. 

മുന്‍പും ലഹരിമരുന്നുകേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ് അറസ്റ്റിലായിട്ടുള്ളത്. വിശാഖപട്ടണത്ത് കിലോയ്ക്ക് 4,000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് 40,000 രൂപയ്ക്കാണ് ഇവർ വിൽപന നടത്തിയിരുന്നത്. 500 രൂപയുടെ ചെറിയ പായ്ക്കറ്റുകളാക്കിയാണ് വില്‍പന നടത്തിയിരുന്നത്.