അർധരാത്രിയിൽ അരുംകൊല; കുത്തിയത് ‘മെന്റൽ അർജുൻ’; പേരിന് കാരണം കൊടുംക്രൂരത

ശ്രീവരാഹത്തു യുവാവിനെ ലഹരിസംഘം കുത്തിക്കൊലപ്പെടുത്തിയ കേസിൽ പൊലീസിനു പിടികിട്ടാനുള്ള അർജുൻ (21) എന്നയാൾ അറിയപ്പെടുന്നത് ‘മെന്റൽ അർജുൻ’ എന്ന പേരിൽ. സദാസമയവും ലഹരിക്കടിമയായ ഇയാൾ അക്രമം തുടങ്ങിയാലോ തർക്കത്തിലേർപ്പെട്ടാലോ ഉടനെങ്ങും അവസാനിപ്പിക്കാത്തതിനാലാണു മെന്റൽ അർജുൻ എന്ന പേര് ലഭിച്ചത്. ഇയാൾ ഒട്ടേറെക്കേസുകളിൽ പ്രതിയുമാണ്. 

ശ്യാം എന്ന മണിക്കുട്ടനാണ് ശ്രീവരാഹത്തു മദ്യക്കുപ്പി കൊണ്ടുള്ള കുത്തേറ്റു കൊല്ലപ്പെട്ടത്. അർജുനാണ് കുത്തിയതെന്നാണു പൊലീസിന്റെ നിഗമനം. കൂട്ടത്തിൽ പ്രായം കുറഞ്ഞത് അർജുനാണെങ്കിലും അക്രമങ്ങൾക്കു നേതൃത്വം നൽകുന്നത് ഇയാളാണ്. ശ്രീവരാഹത്തിനു സമീപമുള്ള ഒരു ഫ്ലാറ്റാണ് ഇവരുടെ താവളം.

ശ്യാമിനെ കൊലപ്പെടുത്തിയ ശേഷം സംഭവസ്ഥലത്തു നിന്നു കടന്നുകളഞ്ഞത് ഇയാൾ മാത്രമാണ്.അർധരാത്രി മുതൽ മൂന്നു മണിക്കൂർ ഇയാൾക്കായി നഗരത്തിൽ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പാപ്പനംകോടുള്ള സ്വന്തം വീട്ടിലേക്കു പോയ ശേഷം ഇയാൾ റെയിൽവേ സ്റ്റേഷനിലെത്തിയെന്നു പൊലീസിനു വിവരം ലഭിച്ചിരുന്നു. പൊലീസ് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴേക്കും ഇയാൾ കടന്നുകളഞ്ഞു. ട്രെയിനുകളുടെ ഷണ്ടിങ് യൂണിറ്റിലേക്കു ഓടിപ്പോയതായി കണ്ടു നിന്ന ചിലർ പറഞ്ഞു.  

അർജുൻ തമിഴ്നാട്ടിലേക്ക് കടന്നുകളയാനാണു സാധ്യതയെന്നു പൊലീസ് കരുതുന്നു.കൊല്ലപ്പെട്ട ശ്യാം മുൻപ് വിവിധ കേസുകളിൽ പ്രതിയായിട്ടുണ്ടെങ്കിലും അടുത്തിടെയായി കുറ്റകൃത്യങ്ങളിൽ നിന്നു വിട്ടുമാറിയിരുന്നു. കെട്ടിട നിർമാണത്തൊഴിലുകൾക്കു പോയിരുന്ന ശ്യാമായിരുന്നു കുടുംബത്തിന്റെ അത്താണി. സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷം പിടിച്ചു മാറ്റാൻ ചെന്ന ശ്യാമിന് അപ്രതീക്ഷിതമായാണു കുത്തേറ്റത്.