ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പഞ്ചായത്ത് സെക്രട്ടറിയെ മുറിക്കുള്ളില്‍ പൂട്ടിയിട്ടു

മൂന്നാറില്‍ അടച്ചുപൂട്ടിയ ശുചിമുറികള്‍  തുറക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പഞ്ചായത്ത് സെക്രട്ടറിയെ  മുറിക്കുള്ളില്‍ പൂട്ടിയിട്ടു. മുക്കാല്‍ മണിക്കൂറോളം പൂട്ടിയിട്ട സെക്രട്ടറിയെ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരും പഞ്ചായത്ത് അംഗങ്ങളും രംഗത്തെത്തി.    നേരിയ  സംഘര്‍ഷത്തിനു ശേഷമാണ് സെക്രട്ടറിയെ മോചിപ്പിച്ചത്.  

മൂന്നാര്‍ ടൗണില്‍ അറ്റക്കുറ്റപ്പണികള്‍ നടത്തുന്നതിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂട്ടിയ ശുചിമുറികള്‍  തുറന്നുനല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ  പത്തുപേരടങ്ങുന്ന സംഘം മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ചത്. മുറിക്കുള്ളില്‍ കയറിയ പ്രവര്‍ത്തകര്‍ ശുചിമുറികള്‍  ഉടന്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ വൈദ്യുതി ലഭിക്കാത്തതിനാല്‍ തുറക്കാന്‍ കഴിയില്ലെന്ന നിലപാടാണ് സെക്രട്ടറി സ്വീകരിച്ചത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ മുറി പൂട്ടുകയും മുദ്രവാക്യങ്ങള്‍ മുഴക്കി കുത്തിയിരിക്കുകയും ചെയ്തു. സംഭവമറിഞ്ഞെത്തിയ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. കറുപ്പസ്വാമിയും അംഗങ്ങളും മുറി തുറന്ന് അകത്ത് പ്രവേശിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരോട്  പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. 

ഇത് പ്രവര്‍ത്തകരും പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും തമ്മില്‍ കൈയ്യേറ്റത്തിലേക്ക് നീങ്ങി. തുടര്‍ന്ന് പൊലീസെത്തിയാണ്  പ്രശ്‌നങ്ങള്‍ ശാന്തമാക്കിയ്ത്. പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ പ്രതിഷേധവുമായി എത്തിയവരെ കയ്യേറ്റം ചെയ്യുകയായിരുന്നെന്നാന്ന്   സി.പി.എം ആരോപണം.ദേവികുളം സബ്കലക്ടറെയും, റെവന്യു ഉദ്യോഗസ്ഥരെയും എസ് രാജേന്ദ്രന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ ഭീഷണിപ്പെടുത്തിയതിന്റെ വിവാദം അടങ്ങിയിട്ടില്ല. ഇതിനിടെയാണ് ഡിവൈഎഫ്ഐയുടെയും സിപിഎമ്മിന്റെയും  നേതൃത്വത്തില്‍ ഉദ്യോഗസ്ഥരോടുള്ള ഭീഷണി തുടരുന്നത്. .