കുന്നിൻ മുകളിലെ ആളില്ലാ ഗുഹയിൽ വിശാലമായ വ്യാജവാറ്റ്; അറസ്റ്റ്

കുന്നിന്‍മുകളിലെ ഗുഹയില്‍ ആരും കാണാതെ മാസങ്ങളായി വ്യാജവാറ്റ്. ഗുഹയ്ക്കുള്ളിലൂടെ ഒഴുകിയിരുന്ന തോട്ടിലെ വെള്ളം ഉപയോഗിച്ചാണ് വയലട മണിച്ചേരിമല സ്വദേശി സന്തോഷ് ചാരായ നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തിപ്പിച്ചിരുന്നത്. രണ്ട് ദിവസത്തെ നിരീക്ഷണത്തിനൊടുവില്‍ കോഴിക്കോട് താമരശേരി എക്സൈസ് സംഘം സന്തോഷിനെ തെളിവോടെ പിടികൂടി.    

കാടുമൂടിയ പുറമ്പോക്ക് ഭൂമി കാണുന്നവര്‍ക്ക് കാര്യമായ കൗതുകമുണ്ടാകില്ല. കാല്‍നടയാത്രികര്‍ പോലും ഒഴിവാക്കുന്ന മണിച്ചേരിക്കുന്ന്.  എന്നാല്‍ അവിടെ കനകം വിളയുമെന്ന് സന്തോഷ് തെളിയിച്ചു. തറനിരപ്പില്‍ നിന്ന് രണ്ടാള്‍ താഴ്ചയിലുള്ള ഗുഹയുടെ ഉള്‍വശം. ഒരാള്‍ക്ക് മാത്രം കടന്നുപോകാന്‍ കഴിയുന്ന വഴി. അകത്ത് വിശാലമായ ചാരായ നിര്‍മാണ യൂണിറ്റെന്ന് ആര്‍ക്കും പുറത്ത് നിന്ന് നോക്കിയാല്‍ മനസിലാകില്ല. രാത്രിയിലാണ് സാധനങ്ങള്‍ ഗുഹയ്ക്കുള്ളില്‍ എത്തിക്കുന്നത്. 

നിര്‍മാണവും കൂടുതല്‍ രാത്രിയിലാണ്. ഗുഹയ്ക്കുള്ളില്‍ സുലഭമായി വെള്ളമൊഴുകുന്ന തോടുണ്ട്. ഇതും ലഹരി നിര്‍മാണത്തിന് സഹായമായി. ഫോണില്‍ വിളിച്ച് ഇടപാടുറപ്പിക്കുന്നവര്‍ക്ക് നേരിട്ട് വാഹനങ്ങളില്‍ സന്തോഷ് ചാരായമെത്തിക്കും. അങ്ങനെ ചുരുങ്ങിയ സമയത്തിനുള്ളില്‍ സന്തോഷ് നിരവധി ലഹരിവില്‍പനക്കാരെ കൂടെക്കൂട്ടി. കാര്യമായി സമ്പാദിച്ചു. 

നിര്‍മാണത്തിനോ വിതരണത്തിനോ ഒരാളെപ്പോലും കൂടെക്കൂട്ടിയിരുന്നില്ല. ആവശ്യക്കാര്‍ പറയുന്ന സ്ഥലത്ത് നേരിട്ട് എത്തിച്ചുകൊടുക്കുന്നതായിരുന്നു രീതി. കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് അവിടെ നിരീക്ഷിച്ച് കാര്യങ്ങള്‍ മനസിലാക്കിയതിന് ശേഷമാണ് അറസ്റ്റിലേക്ക് നീങ്ങിയത്.

എക്സൈസ് ഉദ്യോഗസ്ഥര്‍ തൊഴിലാളികളെന്ന മട്ടില്‍ രണ്ട് ദിവസം മണിച്ചേരിക്കുന്നിലുണ്ടായിരുന്നു. സന്തോഷിനെ കൃത്യമായി നിരീക്ഷിച്ചതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. 105 ലിറ്റര്‍ വാഷും അഞ്ച് ലിറ്റര്‍ ചാരായവും ഗുഹയില്‍ നിന്ന് കണ്ടെടുത്തു.