എഡിഎമ്മിനെ കയ്യേറ്റം ചെയ്ത സംഭവം; ബിജിമോൾക്കെതിരെയുള്ള കേസ് പിൻവലിക്കാൻ തീരുമാനം

റബർ എസ്റ്റേറ്റിന്റെ ഗേറ്റ് പുനഃസ്ഥാപിക്കാനെത്തിയ ഇടുക്കി മുൻ എഡിഎമ്മിനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഇ.എസ്. ബിജിമോൾ എംഎൽഎ അടക്കം 300 പേർക്കെതിരെ എടുത്ത കേസ് പിൻവലിക്കാൻ സർക്കാർ തീരുമാനം. ഇതു സംബന്ധിച്ച് അനൗദ്യോഗിക നിർദേശം കേസ് റജിസ്റ്റർ ചെയ്ത പെരുവന്താനം പൊലീസിനു ലഭിച്ചു. കേസ് പിന്‍വലിക്കരുതെന്ന പരാതിക്കാരനായ ഉദ്യോഗസ്ഥന്‍റെ ആവശ്യം മറികടന്നാണ് സര്‍ക്കാര്‍ തീരുമാനം.

2015 ജൂലൈ മൂന്നിനാണു കേസിനാസ്പദമായ സംഭവം. കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മുണ്ടക്കയം ട്രാവൻകൂർ റബർ ആൻഡ് ടീ എസ്റ്റേറ്റിന്റെ ഗേറ്റ് പുനഃസ്ഥാപിക്കാൻ എത്തിയതായിരുന്നു അന്നത്തെ ഇടുക്കി എഡിഎം മോൻസി പി. അലക്സാണ്ടറും ഉദ്യോഗസ്ഥ സംഘവും. സ്ഥലത്തുണ്ടായിരുന്ന ഇ.എസ്. ബിജിമോൾ എംഎൽഎയുടെ നേതൃത്വത്തിൽ നാട്ടുകാര്‍ ഉദ്യോഗസ്ഥരെ തടഞ്ഞു. കോടതി വിധി നടപ്പിലാക്കാന്‍ ശ്രമിച്ച എഡഎമ്മിന് നേരെ കയ്യേറ്റശ്രമവും ഉണ്ടായി. ഇ.എസ്. ബിജിമോൾ ബലമായി പിടിച്ചുതള്ളിയപ്പോൾ നിലത്തുവീണ എഡിഎമ്മിന്‍റെ വലതുകാലൊടിഞ്ഞു. 

ആശുപത്രിയില്‍ ചികിത്സതേടിയ എഡിഎം എംഎല്‍എയ്ക്കെതിരെ നിയമനടപിയിലേക്ക് നീങ്ങി. റവന്യു ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ബിജിമോൾക്കും കണ്ടാലറിയാവുന്ന മുന്നൂറോളം പേർക്കുമെതിരെ പെരുവന്താനം പൊലീസ് കേസെടുത്തു. പെരുവന്താനം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.ടി. തോമസ്, സിപിഎം ലോക്കൽ സെക്രട്ടറി ആർ. ചന്ദ്രബാബു അടക്കം നിരവധി നേതാക്കളും കേസില്‍ പ്രതികളായിരുന്നു. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. എന്നാല്‍ അറസ്റ്റ് വൈകിയതോടെ മോന്‍സി ഹൈക്കോടതിയെ സമീപിച്ചു. ബിജിമോളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പൊലീസിനെതിരെ നടപടിയെടുക്കുമെന്ന് ഹൈക്കോടതിയും ഉത്തരവിട്ടു. തുടർന്ന് ബിജിമോൾ കോടതിയിൽ ഹാജരായി ജാമ്യം നേടി. ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് അടുത്തമാസം  തൊടുപുഴ കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് കേസ് പിൻവലിക്കാനുള്ള തീരുമാനമെത്തിയത്.നേരത്തെയും കേസ് പിൻവലിക്കാൻ നീക്കങ്ങൾ നടന്നിരുന്നു. കേസ് പിൻവലിക്കുന്നതിനെക്കുറിച്ചു ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയപ്പോൾ അതിനു തയാറല്ലെന്ന് മോന്‍സി.പി. അലക്സാണ്ടര്‍ അറിയിച്ചിരുന്നു.സർക്കാർ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് മോൻസി പി.അലക്സാണ്ടറിന്‍റെ തീരുമാനം. നിലവിൽ കോട്ടയത്ത് സ്ഥലമെടുപ്പു വിഭാഗം ഡെപ്യൂട്ടി കലക്ടറാണു മോൻസി പി. അലക്സാണ്ടർ.