കോഴിക്കോട് ലഹരി ഒഴുകുന്നു; രണ്ടാഴ്ചയ്ക്കിടെ പിടിച്ചത് 18 കിലോ കഞ്ചാവ്

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കോഴിക്കോട് നഗരപരിധിയില്‍ ലഹരികടത്തിന് അറസ്റ്റിലായത് ആറുപേര്‍. ഇവരില്‍ നിന്ന് പതിനെട്ട് കിലോയിലധികം കഞ്ചാവാണ് കണ്ടെടുത്തത്. കഴിഞ്ഞദിവസം കുന്ദമംഗലത്ത് പിടിയിലായ ആസാം സ്വദേശി അബ്ദുല്‍ കലാം രണ്ട് വര്‍ഷത്തിലേറെയായി കഞ്ചാവുള്‍പ്പെടെയുള്ള ലഹരി വിറ്റിരുന്നതായി തെളിഞ്ഞിട്ടുണ്ട്. 

ആളും പിടികൂടുന്ന ലഹരിയുടെ അളവും മാത്രമേ മാറുന്നുള്ളൂ. വില്‍പനക്കാരായി ഇതരസംസ്ഥാനത്തൊഴിലാളികളും പതിവ് ഇടപാടുകാരായി സ്കൂള്‍ കോളജ് വിദ്യാര്‍ഥികളുമെന്നാണ് അന്വേഷണത്തില്‍ തെളിയുന്നത്. നിര്‍മാണത്തൊഴിലാളിയായി എത്തുന്ന ഇതരസംസ്ഥാനക്കാരില്‍ പലരും പിന്നീട് വന്‍തുക ലാഭം ലക്ഷ്യമിട്ട് ലഹരി വില്‍പനക്കാരാകുന്നു. ഇതിനായി സ്വന്തം നാട്ടില്‍ നിന്ന് വരെ ലഹരി ട്രെയിന്‍ വഴിയും ബസിലൂടെയും കേരളത്തിലെത്തിക്കുന്നു. സമാന രീതിയില്‍ കുന്ദമംഗലം ഭാഗത്ത് ലഹരി വില്‍പന നടത്തിയിരുന്ന ആളാണ് കഴിഞ്ഞദിവസം പിടിയിലായ ആസാമുകാരന്‍ അബ്ദുല്‍ കലാം. 

പൈമ്പാലശേരി, മടവൂര്‍മുക്ക് ഭാഗങ്ങളില്‍ യുവാക്കളിലും വിദ്യാര്‍ഥികള്‍ക്കിടയിലും ലഹരി ഉപയോഗം കൂടിവരുന്നതായി പരാതിയുണ്ടായിരുന്നു. പ്രദേശത്ത് രാത്രികാലങ്ങളില്‍ പൊലീസിന്റെ പ്രത്യേക പരിശോധന ഏര്‍പ്പെടുത്തി. സംശയം തോന്നിയ പലരെയും വിശദമായി ചോദ്യം ചെയ്തു. ഇതരസംസ്ഥാനക്കാരില്‍ നിന്നാണ് കഞ്ചാവും ലഹരി പദാര്‍ഥങ്ങളും കൂടുതലായി കിട്ടിയിരുന്നതെന്ന് മനസിലാക്കാന്‍ കഴിഞ്ഞു. 

പിന്നീട് വിവിധയിടങ്ങളില്‍ വേഷം മാറിയും കാര്യങ്ങളന്വേഷിച്ചുമുള്ള പരിശോധനയിലാണ് മൂന്ന് കിലോ കഞ്ചാവുമായി മടവൂര്‍മുക്ക് നരിക്കുനി റോഡില്‍ നിന്ന് അബ്ദുല്‍ കലാം പൊലീസിന്റെ പിടിയിലായത്. കുന്ദമംഗലം പൊലീസും ജില്ല ആന്‍റി നാര്‍ക്കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സും സംയുക്തമായാണ് ലഹരി വില്‍പനക്കാരനെ കുരുക്കിയത്.