കാഞ്ഞിരപ്പള്ളിയില്‍ വ്യാപാരിയെ അക്രമിച്ച് പണം കവര്‍ന്ന കേസ്: 2 പേർ കസ്റ്റഡിയിൽ

കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ വ്യാപാരിയെ അക്രമിച്ച് പണംകവര്‍ന്ന കേസില്‍ ക്വട്ടേഷന്‍ നല്‍കിയയാളുള്‍പ്പെടെ രണ്ടുപേര്‍ കസ്റ്റഡിയില്‍. ഓടയിലെ  വെള്ളം തിരിച്ചു വിടുന്നത് സംബന്ധിച്ച വൈരാഗ്യമാണ് ക്വട്ടേഷൻ ആക്രമണത്തിൽ കലാശിച്ചത്. അക്രമികൾ എത്തിയ ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്

കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്തെ ജനറൽ ആശുപത്രി കവലയില്‍ കട നടത്തുന്ന വലിയപറമ്പിൽ ബിനോ ടോണിയ്ക്ക് നേരെ ശനിയാഴ്ചയാണ് ആക്രമണണുണ്ടായത്. സംഭവത്തില്‍ പ്രധാനികളായ  ചെങ്ങളം സ്വദേശി ഐസക്കും, പാറത്തോട് സ്വദേശി ഫസിലിയും പൊലീസ് കസ്റ്റഡിയിലാണ്. ബൈക്കിലെത്തിയ സംഘം കടയില്‍ അതിക്രമിച്ച് കയറി ബിനോയ്ക്ക് നേരെ മുളക്പൊടിയെറിഞ്ഞ് മര്‍ദിക്കുകയായിരുന്നു. കടയിലുണ്ടായിരുന്ന മുപ്പതിനായിരം രൂപയും കവര്‍ന്നു.  പാറത്തോട്  സ്വദേശിയായ നൗഷാദ്, ആനക്കല്ല് സ്വദേശികളായ അജ്മൽ അബു , അജേഷ് തങ്കപ്പൻ, അലൻ തോമസ് എന്നിവരാണ് സംഘത്തിലെ മറ്റ് പ്രതികള്‍. ഓടയിലെ വെള്ളം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് ബിനോയും അയല്‍വാസിയായ ഐസക്കും തമ്മില്‍ തര്‍ക്കവും കേസും നിലനില്‍ക്കുന്നുണ്ട്. ബിനോയെ ആക്രമിക്കാന്‍ അജ്മല്‍ നേതൃത്വം നല്‍കുന്ന ക്വട്ടേഷന്‍ സംഘത്തെ ഐസക്ക് സമീപിച്ചു. രണ്ടാഴ്ച മുന്‍പ് രണ്ട് ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ ഉറപ്പിച്ചു അന്‍പതിനായിരം രൂപ അഡ്വാന്‍സും നല്‍കി. എന്നാല്‍ സംഭവം നടക്കാതിരുന്നതോടെ ഐസക്ക് ക്വട്ടേഷന്‍ സംഘത്തെ വീണ്ടും ബന്ധപ്പെട്ടു. തുടര്‍ന്നാണ് ശനിയാഴ്ച കൃത്യം നടത്തിയത്. 

സംഭവത്തിന് ശേഷം അരലക്ഷം രൂപ കൂടി ഐസക്കില്‍ നിന്ന് ക്വട്ടേഷന്‍ സംഘം കൈപ്പറ്റി. ചെങ്ങളം സ്വദേശിയായ റിട്ട എസ്ഐയാണ് ഐസക്കിനെ ക്വട്ടേഷന്‍ സംഘവുമായി ബന്ധപ്പെടുത്തിയത്. ഇയാളെ പിടികൂടാനുള്ള നടപടികളും പൊലീസ് ഊര്‍ജിതമാക്കി. അക്രമികൾ എത്തിയ ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആറംഗ ക്വട്ടേഷന്‍ സംഘം കുടുങ്ങിയത്.