രഹസ്യ വിവരം തുണച്ചു; 27 വർഷത്തിന് ശേഷം കൊലക്കേസ് പ്രതി പിടിയിൽ

27 വർഷത്തിന് ശേഷം കൊലപാതക കേസിലെ മുഖ്യപ്രതി കുമളി വണ്ടിപെരിയാറില്‍ പൊലീസ് പിടിയിലായി. പത്തനംതിട്ടയില്‍ യാചകനെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു കൊന്ന് പണം തട്ടിയെടുത്തു എന്നാണ് കേസ്. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ പത്തനംതിട്ടയിലേയ്ക്ക്  കൊണ്ടുപോയി.

1991 ലാണ് പത്തനംതിട്ട മൂഴിയാർ സ്റ്റേഷൻ പരിധിയില്‍ കേസിനാസ്പദമായ സംഭവം  നടന്നത്. പ്രതിയായ പീരുമേട് പാമ്പനാർ സ്വദേശിയായ മുനിയാണ്ടിയെ ആണ് വണ്ടിപെരിയാർ പൊലീസ് പിടികൂടിയത്. ഇയാൾ പാമ്പനാറ്റിൽ നിന്നും കെ.എസ്.ആർ.ടി.സി. ബസിൽ കുമളിയിലേക്ക് വരുന്നുണ്ടെന്ന് കട്ടപ്പന ഡി.വൈ.എസ്.പി. യ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വണ്ടിപ്പെരിയാർ എസ്.ഐ. സാഗറിന്റെ നേതൃത്വത്തിൽ  നടത്തിയ പരിശോധനയിലാണ്  പ്രതിയെ  അറസ്റ്റ് ചെയ്തത്.

27 വർഷങ്ങൾക്കു മുൻപ് ശബരിമലയിൽ ജോലിചെയ്തുവരികയായിരുന്ന ഇയാൾ ഒരു യാചകനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി പണം തട്ടിയെടുത്തു എന്നതാണ് കേസ്.  ഇപ്പോൾ ഇയാൾക്ക് 62 വയസ് ആണ് ഉള്ളത്. ആ സമയത്ത് തന്നെ പൊലീസ് ഇയാളുടെ പാമ്പനാറ്റിലെ വീട്ടിൽ ചെല്ലുകയും അന്വേഷണം നടത്തുകയും ചെയ്തിട്ടുണ്ട്. വീട്ടുകാർക്കും ഇയാളെ പറ്റി യാതൊരു വിവരവും അറിയില്ല എന്നായിരുന്നു പൊലീസിൽ മൊഴി നൽകിയിരുന്നത്. പ്രതിയെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് മൂഴിയാർ സ്റ്റേഷനിൽ നിന്നും പോലീസ് എത്തി വണ്ടിപ്പെരിയാർ എസ്.ഐ.യുടെ പക്കൽ നിന്നും പ്രതി കസ്റ്റഡിയിൽ വാങ്ങി.