മുക്കുപണ്ടം നൽകി പണം തട്ടി; കൊല്ലത്ത് അമ്മയും മകളും റിമാൻഡിൽ

മുക്കുപണ്ടം നല്‍കി സ്വര്‍ണകടകളില്‍ നിന്നടക്കം പണം തട്ടിയ കേസില്‍ കൊല്ലത്ത് അറസ്റ്റിലായ അമ്മയും മകളും റിമാന്‍ഡില്‍. ഇവര്‍ക്ക് വ്യാജ സ്വര്‍ണം നിര്‍മിച്ചു നല്‍കിയിരുന്ന യുവാവിനായുള്ള തിരച്ചില്‍ കൊട്ടാരക്കര പൊലീസ് ഊര്‍ജിതമാക്കി.

രണ്ടു വര്‍ഷമായി കൊട്ടാരക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന കോട്ടയം മുണ്ടക്കയം സ്വദേശി സൈനബ, മകള്‍ അന്‍സല്‍ന എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇവരോടൊപ്പം താമസിച്ചിരുന്ന സുരേഷാണ് ഒറിജിനലിനെ വെല്ലുന്ന മുക്കുപണ്ടം നിര്‍മിച്ചു നല്‍കിയിരുന്നത്. പതിനഞ്ചുശതമാനം സ്വര്‍ണം കൂടി ചേര്‍ത്താണ് ആഭരണങ്ങള്‍ നിര്‍മിച്ചിരുന്നത്. അതുകൊണ്ട് വ്യാജസ്വര്‍ണമാണെന്ന് വേഗത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. വീട്ടില്‍ തന്നെ നിര്‍മിക്കുന്ന  മുക്കുപണ്ടങ്ങളുമായി കുടുംബസമേതം സ്വര്‍ണ കടയിെലത്തി ആഭരണങ്ങള്‍ മാറ്റി വാങ്ങുന്നതായിരുന്നു ഇവരുടെ രീതി.

കോടതിയില്‍ ഹാജരക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഒളിവില്‍ പോയ കൂട്ടുപ്രതി സുരേഷ് സംസ്ഥാനം വിട്ടെന്നാണ് പൊലീസിന്റെ നിഗമനം.