ഭാരതപ്പുഴയിൽ കണ്ട അസ്ഥികൂടം; നിഗമനങ്ങൾ

ഒറ്റപ്പാലം∙ ഭാരതപ്പുഴയിൽ അസ്ഥികൂടം കണ്ടതു സംബന്ധിച്ചു ദുരൂഹതയില്ലെന്നു പൊലീസ്. വീട്ടുവളപ്പിൽ നിന്നു സമാധി പൊളിച്ചുനീക്കിയപ്പോൾ പുറത്തെടുത്ത അസ്ഥികൂടം ആരെങ്കിലും പുഴയിൽ ഒഴുക്കിയതാകാമെന്ന നിഗമനത്തിലാണു പൊലീസ്. ലക്കിടിയിൽ തീരദേശ റോഡിനു സമീപം ബുധനാഴ്ച രാത്രിയാണു പുഴയിൽ തലയോട്ടിയും അസ്ഥികളും വേർപെട്ട നിലയിൽ കാണപ്പെട്ടത്. ശാസ്ത്രീയ പരിശോധനകൾക്കു ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി.

അസ്ഥികൂടം പുരുഷന്റേതോ സ്ത്രീയുടേതോ എന്നു വ്യക്തമല്ല. പലയിടത്തും ചെമ്മണ്ണ് പതിഞ്ഞ നിലയിലുമാണ്. ഇതു സമാധിയിൽ നിന്നുള്ള മണ്ണാകാം എന്നാണു പൊലീസ് കരുതുന്നത്. പുതിയ നിർമാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ പഴക്കമുള്ള സമാധികൾ പലയിടത്തും പുറത്തെടുക്കുന്നുണ്ടെന്നും അസ്ഥികൾ ഒഴുക്കിനു സമർപ്പിക്കുകയാണു പതിവെന്നും പൊലീസ് വിശദീകരിക്കുന്നു. ചെളിയിൽ താഴ്ന്നു കിടന്നിരുന്ന അസ്ഥികൂടം പുഴയിൽ ഒഴുക്കു കുറഞ്ഞപ്പോൾ പുറത്തുവന്നതാകാം എന്നും സംശയിക്കുന്നു