യുവതിക്കും മക്കൾക്കും നേരെ ആസിഡ് ആക്രമണം; രണ്ടാം ഭർത്താവ് അറസ്റ്റിൽ

എറണാകുളം രാമമംഗലത്ത് യുവതിക്കും നാലു മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തില്‍ യുവതിയുടെ രണ്ടാം ഭര്‍ത്താവ് അറസ്റ്റില്‍ .  കുടുംബപ്രശ്നങ്ങളുടെ പേരിലാണ് രാമമംഗലം സ്വദേശി റെനി, ഉറങ്ങിക്കിടക്കുകയായിരുന്ന പിഞ്ചു കുഞ്ഞുങ്ങളുടെയടക്കം ശരീരത്തിലേക്ക് ആസിഡൊഴിച്ചത് . ആസിഡാക്രമണത്തില്‍ യുവതിയുടെ പതിനൊന്നു വയസുകാരിയായ മകളുടെ കണ്ണിന്‍റെ കാഴ്ചയും ഭാഗികമായി നഷ്ടപ്പെട്ടു. 

വ്യാഴാഴ്ച പുലര്‍ച്ചെയാണ് പതിനൊന്നു വയസുകാരി  സ്മിനയുടെ  മുഖത്ത് ഇത്ര ഗുരുതരമായ പൊളളലേല്‍പ്പിച്ച  ആസിഡ് ആക്രമണം ഉണ്ടായത്. രാമമംഗലം നെയ്ത്തുശാലപ്പടിയിലെ അടച്ചുറപ്പില്ലാത്ത ഒറ്റുമുറി വീട്ടില്‍ സ്മിനയ്ക്കൊപ്പം  ഉറങ്ങുകയായിരുന്ന  സഹോദരങ്ങള്‍ നെവിനും,സ്മിജയക്കും,സ്മിനുവിനും അമ്മ സ്മിതയ്ക്കും പൊള്ളലേറ്റു. സ്മിനയ്ക്ക് കാഴ്ച ശക്തി ഭാഗികമായി നഷ്ടപ്പെടുമെന്നാണ് കുട്ടി ചികില്‍സയില്‍ കഴിയുന്ന കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നത്. രാമമംഗലം സ്വദേശിയും സ്മിതയുടെ രണ്ടാം ഭര്‍ത്താവുമായ റെനിയാണ് മനസാക്ഷിയില്ലാത്ത ക്രൂരതയ്ക്ക് പിന്നിലെന്ന്  പൊലീസ് കണ്ടെത്തി. 

ആദ്യ ഭര്‍ത്താവിന്‍റെ മരണത്തിനു േശഷമാണ് സ്മിതയും റെനിയും തമ്മില്‍ അടുപ്പത്തിലായത്. ഈ ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്. എന്നാല്‍ സ്മിതയുടെ ആദ്യ ബന്ധത്തിലെ കുട്ടികളെ റെനി ഉപദ്രവിക്കുക പതിവായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ ഒരു മാസത്തോളം ജയിലില്‍ കിടന്ന ശേഷം ജാമ്യത്തില്‍ പുറത്തിറങ്ങിയതിനു പിന്നാലെയാണ് റെനി ആസിഡ് ആക്രമണം നടത്തിയത്. 

സ്മിതയും കുട്ടികളും താമസിച്ചിരുന്ന വീടിന്‍റെ ജനാലയിലൂെട റെനി ആസിഡ് ഒഴിക്കുകയായിരുന്നു.ആസിഡ് ഒഴിച്ചതിനു ശേഷം ഒന്നുമറിയാത്തതു പോലെ സ്വന്തം വീട്ടില്‍ പോയി കിടന്നുറങ്ങിയ റെനിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി രാമമംഗലം എസ്.ഐ എം.പി.എബി നടത്തിയ ചോദ്യം ചെയ്യലിലാണ് കൃത്യത്തിനു പിന്നില്‍ റെനി തന്നെയാണെന്ന് വ്യക്തമായത്. 

ആസിഡ് ആക്രമണത്തിനു തലേന്നാള്‍ സ്മിതയും കുട്ടികളും താമസിക്കുന്ന വീട്ടിലെ വീട്ടുപകരണങ്ങള്‍ക്ക് തീയിട്ടതും റെനിയാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സ്മിതയുടെയും കുഞ്ഞുങ്ങളുടെയും ദുരവസ്ഥ കണ്ട് പിറവത്തെ സെന്‍റ് ജോസഫ്സ് സ്കൂള്‍ വിദ്യാര്‍ഥികളും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് ഇവര്‍ക്കായി അടച്ചുറപ്പുളള വീട് നിര്‍മിക്കുന്നതിനിടെയാണ് കുടുംബം ആസിഡ് ആക്രമണത്തിന് ഇരകളായത്.