വ്യാജ ഡോക്ടർ 4 ജില്ലകളിൽ ജോലി ചെയ്തത് 15 വർഷം

കഴിഞ്ഞ ദിവസം അറസ്റ്റിലായ വ്യാജ ഡോക്ടർ നിസ്സാരക്കാരനല്ലെന്നു പൊലീസ്. കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകളിലെ പ്രമുഖ ആശുപത്രികളിൽ 15 വർഷത്തോളമായി ചികിത്സ നടത്തിവന്ന വാടയ്ക്കൽ ചക്കുംപറമ്പിൽ വീട്ടിൽ സി.ജെ.യേശുദാസിനെയാണു (സാജൻ–42) തിങ്കളാഴ്ച പിടികൂടിയത്. 

തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജന്റെ റജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ചാണു യേശുദാസ് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു തട്ടിപ്പ് നടത്തിവന്നതെന്നു പൊലീസ് കണ്ടെത്തി. ത്വക്ക് രോഗ വിദഗ്ധനായാണ് എല്ലാ ആശുപത്രിയിലും  ചികിത്സ നടത്തിയിരുന്നത്. 

പ്രീഡിഗ്രി കഴിഞ്ഞു ഫിസിയോതെറപ്പിക്കു ചേർന്നെങ്കിലും കോഴ്സ് പൂർത്തിയാക്കിയില്ല. ഇതിനുശേഷം എംബിബിഎസിനു തിരുവനന്തപുരം മെഡിക്കൽ കോളജിൽ പഠിക്കുകയാണെന്നു മാതാപിതാക്കളെയും ഭാര്യയെയും മറ്റു ബന്ധുക്കളെയും പറഞ്ഞു വിശ്വസിപ്പിച്ചു. തെളിവായി വ്യാജ സർട്ടിഫിക്കറ്റും തരപ്പെടുത്തി. കോട്ടയത്തെയും തിരുവല്ലയിലെയും പ്രമുഖ ആശുപത്രികളിൽ പരിശീലനവും ജനറൽ പ്രാക്ടീസും നടത്തിയിരുന്നു. 

വ്യാജമായി തയാറാക്കിയ ഐഎംഎ സർട്ടിഫിക്കറ്റും വ്യാജ എംബിബിഎസ് മാർക്ക് ലിസ്റ്റും കാണിച്ചാണു പ്രമുഖ ആശുപത്രികളിലും കയറിപ്പറ്റിയത്. വാടയ്ക്കലെ കുടുംബ വീട്ടിലും ചേർത്തലയിലെ സ്വന്തം വീട്ടിലും നൂറുകണക്കിനു രോഗികളെയാണു ദിവസേന ചികിത്സിച്ചിരുന്നത്. നല്ല ഇടപെടലും സൗമ്യമായ പെരുമാറ്റവും കൊണ്ടു രോഗികൾക്കിടയിൽ പ്രിയംകരനുമായി. ചേർത്തല ഐഎംഎ യൂത്ത് ക്ലബ് സെക്രട്ടറിയാണെന്നും അവകാശപ്പെട്ടിരുന്നു. 

ജില്ലാ പൊലീസ് മേധാവി കെ.എം.ടോമിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു ഡിവൈഎസ്പി പി.വി.ബേബിയുടെ നേതൃത്വത്തിൽ യേശുദാസിനെ കസ്റ്റഡിയിലെടുത്തത്. ചേർത്തലയിലെ ആശുപത്രിയിലെ പ്രാക്ടീസിനു ശേഷം ഇറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്. സൗത്ത് സിഐ കെ.എൻ രാജേഷ്, എസ്ഐ എം.കെ.രാജേഷ്, സീനിയർ സിപിഒമാരായ മോഹൻകുമാർ, ശരത് ചന്ദ്രൻ, സിപിഒ മാരായ അരുൺ, സിദ്ദിഖ്, പ്രവീഷ്, റോബിൻസൺ, ഗോപു കൃഷ്ണൻ, സുഭാഷ്, വിജോഷ് തുടങ്ങിയവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.