സർക്കാർ കണ്ണടച്ചു; പള്ളി ആക്രമിച്ച കേസിൽ പാർട്ടി പ്രതിക്ക് ജാമ്യം

കോഴിക്കോട് പേരാമ്പ്രയില്‍ പള്ളിയാക്രമിച്ച് വര്‍ഗീയ ലഹളയുണ്ടാക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ  സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അതുല്‍ദാസിനു വേണ്ടി കോടതിയില്‍ സര്‍ക്കാരിന്റെ ഒത്തുകളി. ജാമ്യാപേക്ഷയെ പ്രൊസിക്യൂഷന്‍ എതിര്‍ക്കാതിരുന്നതോടെ അറസ്റ്റിലായി 48 മണിക്കൂറിനുള്ളില്‍ പ്രതിക്ക് ജാമ്യം കിട്ടി. അതിനിടെ അതുല്‍ദാസിനെ കുടുക്കാന്‍ പേരാമ്പ്ര സി.ഐയുടെ നേതൃത്വത്തില്‍ ഗൂഡാലോചന നടന്നുവെന്ന ആരോപണവുമായി ഡി.വൈ.എഫ്.ഐ രംഗത്ത് എത്തി.

പള്ളിക്കുനേരെ കല്ലെറിഞ്ഞ കേസില്‍ വര്‍ഗീയലഹളയ്ക്ക് ശ്രമിച്ചുവെന്ന കുറ്റം ചുമത്തി മാണിക്കോത്ത് ബ്രാഞ്ച് സെക്രട്ടറി അതുല്‍ദാസിനെ ശനിയാഴ്ച വൈകീട്ടാണ് അറസ്റ്റ് ചെയ്തത്. പൊലീസ് നടപടിക്കെതിരെ മന്ത്രി ഇ.പി. ജയരാജന്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് ജാമ്യമില്ലാവകുപ്പ് പ്രകാരം അറസ്റ്റിലായ അതുല്‍ദാസിന് പേരാമ്പ്ര കോടതി ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയെ പൊലീസ് എതിര്‍ക്കാതിരുന്നതോടെയാണിത്. പുറത്തിറങ്ങിയ അതുലിന് ഡി.വൈ.എഫ്.ഐ സ്വീകരണം നല്‍കുകയും ചെയ്തു

അതുല്‍ദാസിനെ അറസ്റ്റുചെയ്ത പേരാമ്പ്ര സി.ഐ. കെ.പി സുനില്‍കുമാറിനെതിരെ ഡി.വൈ.എഫ്.ഐ രംഗത്ത് എത്തി. യു.ഡി.എഫുമായി ഗൂഡാലോചന നടത്തിയാണ് ആരോപണം.