ലോക്കറില്‍ നിന്ന് കവർച്ച ചെയ്യപ്പെട്ട ഒരു കിലോ സ്വര്‍ണം കൂടി കണ്ടെത്തി

യൂണിയന്‍ ബാങ്കിന്റെ ആലുവ ശാഖയിലെ ലോക്കറില്‍ നിന്ന് കവർച്ച ചെയ്യപ്പെട്ട ഒരു കിലോ സ്വര്‍ണം കൂടി  കണ്ടെത്തി.  അങ്കമാലി മേഖലയില്‍ നടത്തിയ തെളിവെടുപ്പിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഇതോടെ മൂന്ന് ദിവസമായി നടത്തിയ തെളിവെടുപ്പില്‍ നാല് കിലോ സ്വര്‍ണം കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞു.സ്വർണ കവർച്ച കേസിലെ പ്രതികൾ കവർച്ചാ  മുതൽ പണയം വെച്ച അഞ്ച് ബാങ്കുകളിലാണ് പോലീസ് ചൊവ്വാഴ്ച തെളിവെടുപ്പ് നടത്തിയത്. അങ്കമാലി മേഖലയിലെ ദേശസാൽകൃത ബാങ്കുകളടക്കം അഞ്ചു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. ശനിയാഴ്ച്ച മൂന്ന് ബാങ്കുകളില്‍ നിന്നായി 1400 ഗ്രാം സ്വര്‍ണം കണ്ടെടുത്തിരുന്നു. ഞായറാഴ്ച്ച ബാങ്ക് അവധിയായതിനാല്‍ തെളിവെടുപ്പ് നടന്നിരുന്നില്ല. തിങ്കളാഴ്ച 1750 ഗ്രാം സ്വര്‍ണം കണ്ടെടുത്തു.

യൂണിയന്‍ ബാങ്ക് ആലുവ ശാഖയിലെ അസിസ്റ്റന്റ് മാനേജര്‍ അങ്കമാലി പാദുവപുരം കരുമത്തില്‍ സിസ് മോള്‍ ജോസഫ്, ഭര്‍ത്താവ് കളമശേരി സജി നിവാസില്‍ സജിത്ത് കുഞ്ഞന്‍ എന്നിവരാണ് കേസിലെ  പ്രതികൾ. ബാങ്കില്‍ സ്വര്‍ണ പണയ വിഭാഗത്തിന്റെ ചുമതലക്കാരിയായിരുന്ന സിസ് മോള്‍ ഒരു വര്‍ഷം കൊണ്ടാണ് ഇത്രയധികം സ്വര്‍ണം കവര്‍ന്നത്. പിടിയിലായ ഇരുവരേയും വെള്ളിയാഴ്ച വരെ തെളിവെടുപ്പിനായി കോടതി പോലീസിന് കസ്റ്റഡിയില്‍ നല്‍കിയിരുന്നു. തെളിവെടുപ്പ് പൂര്‍ത്തിയായില്ലെങ്കില്‍ കസ്റ്റഡി കാലാവധി നീട്ടി വാങ്ങാനാണ് പോലീസിന്റെ നീക്കം.