പൊലിസിനെ വലച്ച് തിരൂരിൽ വീണ്ടും മോഷണ പരമ്പര

പൊലിസിനെ വലച്ച് തിരൂരിൽ വീണ്ടും മോഷണ പരമ്പര. പയ്യനങ്ങാടി, വൈലത്തൂർ മേഖലകളിൽ 12 കടകളാണ് കുത്തിതുറന്നത്. അയ്യായിരം രൂപയോളം  മോഷണം പോയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.കഴിഞ്ഞ ഒരാഴ്ചക്കിടെ 24 കടകളിലാണ് മോഷണം നടന്നത്. വ്യാപാരികൾ ഏറെ ആശങ്കയിലാണ്. 

തിരൂർ കോട്ടക്കൽ റോഡിൽ പയ്യനങ്ങാടി, വൈലത്തൂർ എന്നിവിടങ്ങളിലെ കടകളിലാണ് മോഷണം നടന്നത്. പുലർച്ചെ രണ്ടിനും നാലിനും ഇടയിലാണിത്.നേരത്തെ ചമ്രവട്ടത്തും തിരുനാവായയിലും ബൈക്കിലെത്തിയാണ് മോഷണം നടത്തിയതെങ്കിൽ ഇവിടെ  മോഷ്ടാക്കൾ എത്തിയത് കാറിലാണ് .മൂന്നു പേരാണ് സംഘത്തിലുള്ളത്. കാർ കടക്ക് സമീപം നിർത്തി രണ്ടു പേർ ഇറങ്ങി പൂട്ടുപൊളിക്കുന്നതും മേശകൾ പരിശോധിക്കുന്നതും സി സിടിവിയിൽ വ്യക്തം.

വൈലത്തൂരിലെ തുണിക്കടയുടെ ഗ്ലാസ്  അടിച്ചു തകർത്ത് ഉള്ളിൽ കയറിയാണ് ഷട്ടറുകൾ പൊട്ടിച്ചത്.പുലർച്ചെ സമയത്തും തിരക്കേറിയ ഈ പാതയിൽ  'ഇത്രയധികം നേരം മോഷ്ടാക്കൾ വിഹരിച്ചിട്ടും ആരും കണ്ടില്ല എന്നത് വ്യാപാരികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.കടകളിൽ നിന്ന്  പണവും മറ്റ് വസ്തുക്കളും മോഷ്ടിച്ചിട്ടുണ്ടെങ്കിലും ഗ്ലാസും ഷട്ടറുകളും  തകർത്തത് വലിയ സാമ്പത്തിക നഷ്ടമാണ് വ്യാപാരികൾക്ക് ഉണ്ടാക്കുന്നത്.

തിരുനാവായയിലേയും  ചമ്രവട്ടത്തേയും മോഷണത്തിനു പിന്നിൽ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നിന്ന് പൊലിസുകാരന്റെ കണ്ണിൽ കടലക്കറി എറിഞ്ഞു രക്ഷപ്പെട്ട തഫ്സീർ ദർവേഷാണെന്ന് പൊലിസിന് സൂചന ലഭിച്ചിട്ടുണ്ട്. പയ്യനങ്ങാടിയിലേയും വൈലത്തുരിലേയും  മോഷണത്തിനു പിന്നിലും ഇയാളുൾപ്പെട്ട 'സംഘമാണോ എന്നും പൊലിസ് സംശയിക്കുന്നു