എന്നും വിവാദങ്ങളുടെ തോഴി; അന്ന് പിടിച്ചെടുത്തത് 9 ആഡംബര കാറുകള്‍

റെഡ് ചില്ലീസ്, ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, കോബ്ര തുടങ്ങിയ ചിത്രങ്ങളിൽ ലീന മരിയ പോൾ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളികൾക്ക് ഈ വിവാദ നായികയെ പരിചതമായത് സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായതോടൊണ്. പത്തുകോടിയുടെ തട്ടിപ്പു കേസിൽ നടിയെയും അവരുടെ പാർട്ണറായ സുകാഷ് ചന്ദ്രശേഖറിനെയും നാലു കൂട്ടാളികളും മുംബൈ എക്കണോമിക് ഒഫെന്‍സ് വിങ് അറസ്റ്റ് ചെയ്തതും വലിയ വാർത്തയായിരുന്നു.

ആറര കോടി വില മതിക്കുന്ന ഒന്‍പത് ആഡംബര കാറുകളാണ് അന്ന് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. ചുരുങ്ങിയ കാലംകൊണ്ടു നിക്ഷേപത്തിന്റെ പത്തിരട്ടി തിരിച്ചുനൽകുമെന്നു വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. മറ്റൊരു വരുമാനമാര്‍ഗം ഒന്നും ഇല്ലാതിരുന്ന ആഡംബര വസ്തുകളോട് ലീനയ്ക്ക് പ്രത്യേക താല്‍പര്യമുണ്ടായിരുന്നു. മറ്റെരു കേസില്‍ പൊലീസ് ലീനയെ അറസ്റ്റ് ചെയ്തപ്പോളും വിലകൂടിയ വാച്ചുകളും ആഡംബര കാറുകളും പിടിച്ചെടുത്തിരുന്നു.

1.17 കോടി വിലവരുന്ന 117 ഇംപോര്‍ട്ടഡ് വാച്ചുകളും, 3,50,000 രൂപയും പൊലീസ് അന്ന് പിടിച്ചെടുത്തിരുന്നു. ഔഡി, ബെന്‍സ്, ബെന്‍റ്ലി, മസാറിറ്റി, സഫാരി, നിസ്സാന്‍ എന്നിവ പിടികൂടിയ കാറുകളില്‍ ഉള്‍പ്പെടും. മുംബൈ ക്രൈംബ്രാഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത പരാതിയെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്യാനായത്. 5000 മുതല്‍ മുപ്പത് ലക്ഷം വരെ തുക മുടക്കിയ ആയിരത്തോളം നിക്ഷേപകരെയാണ് ഇവര്‍ പറ്റിച്ചത്.

ചെന്നൈയിൽ 19 കോടി രൂപയുടെ തട്ടിപ്പുകേസിൽ 2013ൽ ലീനയെയും സുകാഷിനെയും അറസ്റ്റ് ചെയ്തിരുന്നു. കാനറ ബാങ്ക് ഉദ്യോഗസ്ഥരെ വ്യവസായ സ്ഥാപനത്തിന്റെ മറവിൽ കബളിപ്പിച്ച കേസാണിത്. പനമ്പള്ളി നഗറിൽ ലീന നടത്തുന്ന സ്ഥാപനത്തിൽ ഇന്നുണ്ടായ വെടിവെപ്പിന് ഈ സാമ്പത്തിക തട്ടിപ്പുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കും.

ലൈസന്‍സില്ലാതെ ആയുധം കൈവശം വച്ചതിന് ഡല്‍ഹി പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്ന് കൊച്ചിയില്‍ സംഭവിച്ചത്

കൊച്ചി നഗരത്തില്‍ പട്ടാപ്പകല്‍ വെടിവയ്പ്. പനമ്പിള്ളി നഗറിലെ ബ്യൂട്ടിപാര്‍ലറിലാണ് വെടിവയ്പുണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേരാണ് വെടിവച്ചത് . വൈകിട്ട് മൂന്നരയ്ക്കാണു സംഭവം. ബ്യൂട്ടിപാര്‍ലര്‍ ഉടമയ്ക്ക് പണം ആവശ്യപ്പെട്ട് പലതവണ ഫോണിൽ ഭീഷണിസന്ദേശം ലഭിച്ചിരുന്നു. 

മുംബൈ അധോലോക നായകൻ രവി പൂജാരയുടെ പേരിലായിരുന്നു ഫോൺ. 25 കോടി രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. എന്നാൽ പണം നൽകാൻ ഉടമ തയ്യാറായില്ല. പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിന്റെ വൈരാഗ്യം തീർക്കാനാണ് അക്രമികൾ വെടിവയ്പ് നടത്തിയതെന്നു കരുതുന്നു. വെടിവയ്പിനു ശേഷം ഇവർ രക്ഷപ്പെട്ടു. രക്ഷപ്പെടുന്നതിനിടെ മുംബൈ അധോലോക ഗുണ്ടയുമായി ബന്ധമുണ്ടെന്നു സൂചിപ്പിക്കുന്ന ഒരു പേപ്പർ സ്ഥലത്തു ഉപേക്ഷിക്കുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരുക്കില്ല. 

നടിയായ ലീന മരിയ പോളിന്റെതാണ് സ്ഥാപനം. 2013 ൽ ചെന്നൈ കനറ ബാങ്കില്‍ നിന്നു 19 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് ഇവർ. ഡല്‍ഹിയിലെ ഫാം ഹൗസില്‍ വച്ച് നടി അറസ്റ്റിലാകുകയും ചെയ്തു. റെഡ് ചില്ലീസ്, ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സംഭവസമയത്തു നടി സ്ഥലത്തുണ്ടായിരുന്നില്ല. ജീവനക്കാരും ബ്യൂട്ടിപാർലറിലെത്തിയ മറ്റു ചിലരുമാണുണ്ടായിരുന്നത്. പനമ്പിള്ളി നഗറിലെ തിരക്കേറിയ സ്ഥലത്താണ് ബ്യൂട്ടി പാർലർ സ്ഥിതി ചെയ്യുന്നത്. പൊലീസെത്തി തെളിവെടുപ്പ് നടത്തുന്നു.