പത്താംക്ലാസും ഗുസ്തിയും; ഓപ്പറേഷൻ ചെയ്യാൻ സജ്ജം; ജനപ്രിയ ഡോക്ടർ കുടുങ്ങിയത് ഇങ്ങനെ

പത്തുവര്‍ഷമായി വിവിധ സ്ഥലങ്ങളിൽ  ചികിത്സ നടത്തിവന്ന വ്യാജ ഡോക്ടർ പൊലീസ് പിടിയിലായി. തമിഴ്നാട് കന്യാകുമാരി സ്വദേശി ജ്ഞാനശിഖാ മണിയാണ്  (74) പത്തനാപുരം പൊലീസിന്‍റെ   പിടിയിലായത്.പത്താം ക്ലാസ്സ്  വിദ്യാഭ്യാസവും   ആശുപത്രിയിൽ  കംമ്പോണ്ടറായി  ജോലി നോക്കി പരിചയവുമുള്ള ഇയാൾ കേരളത്തിലുടനീളം   ഡോക്ടറെന്ന വ്യാജേന   ചികിത്സ നടത്തി വരികയായിരുന്നു . പത്തനാപുരം മാങ്കോട് കാരുണ്യ ക്ലിനിക് എന്ന ആശുപത്രി നടത്തി  വരുന്നതിനിടെയാണ് അറിസ്റ്റിലായത്.

മെഡിക്കൽ കോളജുകളിൽ പ്രയാസകരമെന്നു പറയുന്ന രോഗങ്ങളിൽപ്പോലും ചികിത്സ നൽകാമെന്നാണ് അവകാശവാദം. ചെറുപ്പത്തിൽ കന്യാകുമാരിയിൽ ഡോക്ടർമാരുടെ സഹായിയായി പ്രവർത്തിച്ചതാണു മുൻപരിചയം.പിന്നീടു കേരളത്തിലെത്തി ഗ്രാമങ്ങളിൽ ക്ലിനിക്കുകൾ നടത്തി. പിടിക്കപ്പെടുന്നതിനു മുൻപു മാറും. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പത്താം ക്ലാസ് വരെ പഠിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. റിമാൻഡ് ചെയ്തു.

നാട്ടുകാർ നല്കിയ പരാതിയിൽ   സർക്കിൾ ഇൻസ്പെക്ടർ എം.അൻവർ.എസ്.ഐമാരായ   പുഷ്പകുമാർ ,  ജോസഫ് ലിയോൺ എന്നിവരുടെ നേത്യത്വത്തിലുളള സഘം  ക്ലിനിക്കിലെത്തി പരിശോധനടത്തി  വ്യാജ ഡോക്ടറാണെന്ന് ഉറപ്പ് വരുത്തിയ ശേഷം   കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോതമംഗലത്ത് വെറ്റിലപാറയിൽ കുടുംബസമേതം താമസിച്ചു വരികയാണ് ജ്ഞാനശിഖാ മണി.