മോർഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപണം; യുവാവിന് ക്രൂരമർദനം; അന്വേഷണം

പെൺകുട്ടികളുടെ മോർഫ് ചെയ്ത ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് യുവാവിന് ക്രൂരമർദനം. ഉത്തർപ്രദേശിലെ സഹാര്‍ഖുർദ് ജില്ലയിലാണ് സംഭവം. യുവാവിനെ മർദിച്ച നാട്ടുകാര്‍ ബലം പ്രയോഗിച്ച് തലമുടി വടിക്കുകയും ചെയ്തു. നവംബർ 5 നു നടന്ന സംഭവത്തിൻറെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. 

വഖീൽ എന്ന യുവാവിനാണ് മർദനമേറ്റത്. സമൂഹ മാധ്യമങ്ങളിലൂടെ ഇയാൾ പെൺകുട്ടികളുടെ മോർഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്നാണ് ആരോപണം. വീട്ടില്‍നിന്ന് വലിച്ചിറക്കി കൊണ്ടുപോയി ക്രൂരമായി മർദിച്ച ശേഷം റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. ഇതിനിടെയാണ് യുവാവിന്റെ തലമുടി വടിച്ചത്. സമീപത്തുള്ള കനാലിന് സമീപത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി കൊലപ്പെടുത്താനായിരുന്നു പദ്ധതി. സംഭവമറിഞ്ഞെത്തിയവരാണ് യുവാവിനെ രക്ഷിച്ചത്. പിന്നീട് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

വഖീൽ നിരപരാധിയാണെന്നും ഫെയ്സ്ബുക്ക് അക്കൗണ്ട് മറ്റാരോ ഹാക്ക് ചെയ്തതാണെന്നും സാമൂഹിക പ്രവർത്തകനായ ഇഫ്രാഹിം ഹുസൈൻ പറഞ്ഞു. ഇയാൾ കുറ്റം ചെയ്തിട്ടില്ലെന്ന് വീട്ടുകാരും പറയുന്നു. യുവാവിനെ മർദിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇവർ ജില്ലാ മജിസ്ട്രേറ്റിനെ സമീപിച്ചു. ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു.