നഗരസഭാ സെക്രട്ടറിയുടെ മുറിയില്‍ ചെമ്പു തകിടും കുപ്പിയും; കൂടോത്രമെന്ന് വാദം, വിവാദം

രണ്ടുമാസത്തെ അവധിക്കു ശേഷം ജോലിയിൽ തിരികെ പ്രവേശിക്കാൻ ഓഫിസ്‍ മുറി തുറന്ന കളമശേരി മുനിസിപ്പൽ സെക്രട്ടറി ഡോ.സാംജി ഡേവിഡിനെ വരവേറ്റതു കുപ്പിയിലടച്ച ചെമ്പു തകിട്. സെക്രട്ടറിയെ ഓടിക്കാൻ ആരോ ക്ഷുദ്ര പ്രയോഗം നടത്തിയതാണെന്നു വ്യക്തമാക്കുന്ന വിധമായിരുന്നു തകിടും കുപ്പിയും. ഒരു മാസം മുൻപു ജീവനക്കാർ ഓഫിസ് ശുചീകരിക്കുന്നതിനിടെ കുപ്പിയിലടച്ച ചെമ്പുതകിടു കണ്ടെത്തിയിരുന്നു. 

ഓഫിസിലെ കംപ്യൂട്ടർ ടേബിളിന്റെ കീഴ്ത്തട്ടിലായിരുന്നു തകിട്. സെക്രട്ടറി വന്ന ശേഷം അറിയിക്കാനിരിക്കുകയായിരുന്നു അവർ. സംഭവമറിഞ്ഞെത്തിയ ജീവനക്കാരിലൊരാൾ ചെമ്പു തകിടു ഞെരിച്ചു കളഞ്ഞതിനാൽ അതിൽ എന്താണ് എഴുതിയതെന്നു  മനസ്സിലാക്കാനായില്ല. 

ഓഫിസിൽ ശുചീകരണം നടത്താതെ ഔദ്യോഗിക കസേരയിൽ ഇരിക്കില്ലെന്നാണു സെക്രട്ടറിയുടെ നിലപാട്. തന്നെ ചതിയിൽ പെടുത്താൻ പണമോ മറ്റെന്തെങ്കിലുമൊ ഓഫിസിൽ വച്ചിട്ടില്ലെന്ന് ഉറപ്പു വരുത്താനാണു ശുചീകരണം വേണമെന്ന് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയുടെ വിലകൂടിയ രണ്ടു പേനകളും  കണ്ണടയും ഇതിനു മുൻപ് ഓഫിസിൽ നിന്നു നഷ്ടമായിട്ടുണ്ട്. 

സെക്രട്ടറി അവധിയായിരുന്നെങ്കിലും ഓഫിസ് പൂട്ടിയിരുന്നില്ല. ഓഫിസ് മുറിക്കു പുറത്തു സിസിടിവി ക്യാമറ ഉണ്ടെങ്കിലും  സെക്രട്ടറിയുടെ ഓഫിസിലേക്കു ഫോക്കസ് ഇല്ല. ദീർഘനാളായി സെക്രട്ടറിമാർ വാഴാത്ത ഇടമാണു കളമശേരി നഗരസഭ. സെക്രട്ടറിമാരും ഭരണ സമിതിയുമായുള്ള തർക്കമാണു കാരണം. മുനിസിപ്പൽ സെക്രട്ടറിയായിരുന്ന എസ്. നാരായണൻ ഭരണ  സമിതിയുമായി യോജിക്കാതെ സ്ഥലംമാറ്റം വാങ്ങി പോയതിനു ശേഷം മാസങ്ങളായി സെക്രട്ടറിയുണ്ടായിരുന്നില്ല.  സൂപ്രണ്ടിനായിരുന്നു സെക്രട്ടറിയുടെ ചുമതല. ഈ ഒഴിവിലാണു സാംജി ഡേവിഡ് സെക്രട്ടറിയായെത്തിയത്.  ഇദ്ദേഹവും ഭരണസമിതിക്ക് അനഭിമതനാണെന്നാണു സംസാരം.