കാറിൽ രഹസ്യ അറ നിർമിച്ച് കറൻസി കടത്ത്; നാലംഗസംഘം അറസ്റ്റിൽ

നോട്ടുനിരോധനത്തിന്റെ രണ്ടാംവാര്‍ഷികത്തിലും നിരോധിച്ച 85 ലക്ഷം രൂപയുടെ കറന്‍സി പിടികൂടി. മലപ്പുറം പൂക്കോട്ടുംപാടത്താണ് നാലംഗസംഘം കാര്‍ സഹിതം പൊലീസ് പിടിയിലായത്.  

അമരമ്പലം പാലത്തിന് സമീപത്തുനിന്നാണ് നിരോധിത നോട്ടുകടത്തുസംഘം പൊലീസ് വലയിലായത്. അരീക്കോട് കുനിയില്‍ കൊക്കഞ്ചേരി മന്‍സൂര്‍ അലി, മുക്കം തെഞ്ചീരിപ്പറമ്പ് കോലോത്തുംതൊടിക റഫീഖ്, മത്തങ്ങപ്പൊയില്‍ ദിപിന്‍, തെഞ്ചീരിപ്പറമ്പില്‍ അന്‍സല്‍ എന്നിവരാണ് അറസ്റ്റിലായത്. കാറില്‍ രഹസ്യഅറ നിര്‍മിച്ചാണ് നോട്ടുകെട്ടുകള്‍ സൂക്ഷിച്ചിരുന്നത്. ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകെട്ടുകളാണ് പിടികൂടിയത്.

ഒരു കോടിയുടെ നിരോധിത നോട്ടിന് പകരം 25 ലക്ഷം നല്‍കാമെന്ന് വാഗ്ദാനം ലഭിച്ചാണ് പണം എത്തിച്ചതെന്നാണ് പിടിയിലായവരുടെ മൊഴി. നോട്ടു നിരോധിച്ച് രണ്ടു വര്‍ഷമായിട്ടും മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ച് നിരോധിതനോട്ട് വിനിമയം നടത്തുന്ന സംഘങ്ങള്‍ സജീവമാണന്ന് സജീവമാണന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ നിലമ്പൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.