കഴുത്തിൽ കുരുക്കിട്ട് സെൽഫി അയച്ചു; ചത്തോളുവെന്ന് ഭർത്താവ്; ദാരുണ 'മരണം'

ഗൾഫിലിരുന്നു മൊബൈൽ ഫോൺ ചാറ്റിങ്ങിലൂടെ ഭാര്യയെ ആത്മഹത്യക്കു പ്രേരിപ്പിച്ചതിനു ഭർത്താവ് അറസ്റ്റിൽ. പയ്യന്നൂർ കോറോം മരമില്ലിനു സമീപത്തെ തായമ്പത്ത് സിമി (31) വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച സംഭവത്തിലാണു ഭർത്താവ് അഴീക്കോട് അഴീക്കൽചാൽ ചോയ്യോൻ ഹൗസിൽ സി.മുകേഷി(40)നെ തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലൻ അറസ്റ്റ് ചെയ്തത്. ആത്മഹത്യയിൽ വീട്ടുകാർക്കോ നാട്ടുകാർക്കോ സംശയമുണ്ടായിരുന്നില്ലെങ്കിലും യുവതിയുടെ മൊബൈ‍ൽഫോൺ പൊലീസ് പരിശോധിച്ചപ്പോഴാണു പ്രേരണയുടെ തെളിവുകൾ ലഭിച്ചത്. 

ഈമാസം 13നു പുലർച്ചെയാണു സിമി തൂങ്ങിമരിച്ചത്. താൻ ഗൾഫിൽ നിന്നെത്തിയ ശേഷമേ സംസ്കരിക്കാവൂ എന്നു മുകേഷ് ആവശ്യപ്പെട്ടതു പ്രകാരം മൃതദേഹം 2ദിവസം ഫ്രീസറിൽ വച്ചിരുന്നു. അസ്വാഭാവിക മരണത്തിലെ അന്വേഷണത്തിന്റെ ഭാഗമായി സിമിയുടെ ഫോൺ ഡിവൈഎസ്പി പരിശോധിച്ചപ്പോഴാണു ഞെട്ടിക്കുന്ന തെളിവുകൾ കിട്ടിയത്. 12നു രാത്രി സിമി ഭർത്താവുമായി ഫോണിൽ ചാറ്റ് ചെയ്തിരുന്നു.

സിമിയെ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്ന സന്ദേശങ്ങളാണ് മുകേഷ് അയച്ചുകൊണ്ടിരുന്നത്. ആത്മഹത്യ ചെയ്യുമെന്ന് 13നു പുലർച്ചെ 3മണി മുതൽ സിമി മുകേഷിന് സന്ദേശമയച്ചിരുന്നു. ജനൽ കമ്പിയിൽ കയർകെട്ടി കഴുത്തിൽ കുരുക്കിട്ട സെൽഫി ഫോട്ടോയെടുത്തു ഭർത്താവിന് അയയ്ക്കുകയും ചെയ്തു. ‘ചത്തോളൂ, ​ഞാൻ ഡെഡ്ബോഡി കാണാൻ വന്നോളാം’ എന്ന ശബ്ദസന്ദേശമായിരുന്നു മുകേഷിന്റെ മറുപടി.