റോഡ് സർവെക്കായി വനത്തിൽ കയറി; എൻജിനിയർമാർക്കെതിരെ കേസ്

റോഡ് സർവ്വേ നടത്താൻ വനത്തിൽ കയറിയ രണ്ട് എൻജിനീയർമാർക്കെതിരെയും പൊതുപ്രവർത്തകർക്കെതിരെയും വനംവകുപ്പ് കേസെടുത്തു. കണ്ണൂർ വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചുരംരഹിത പാതയായ കൊട്ടിയൂർ തലപ്പുഴ റോഡിന്റെ സർവേയ്ക്കുവേണ്ടിയാണ് ഇവർ വനത്തിൽ കയറിയത്. 

 എൻജിനീയർമാരായ വി.വി.നിഷ, അനിൽകുമാർ, കൊട്ടിയൂർ പഞ്ചായത്തംഗം എം.വി.ചാക്കോ, സാമൂഹ്യ പ്രവർത്തകൻ ടി. എസ്. സ്കറിയ എന്നിവർക്കെതിരെയാണ് കേസ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവർ നാട്ടുകാർക്കൊപ്പം വനത്തിലൂടെ സർവേ നടത്തിയത്.

വനംവകുപ്പിന്റെ വാക്കാലുള്ള അനുമതി വാങ്ങിയായിരുന്നു സർവേ. എന്നാൽ പരിസ്ഥിതി പ്രവർത്തകനായ ബാദുഷ പരാതി നൽകിയതോടെ വനംവകുപ്പ് കേസെടുക്കുകയായിരുന്നു. 

പി എം ജി എസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തി ചുരം രഹിത റോഡ് നിർമിക്കാനാണ് തീരുമാനം. വർഷങ്ങൾക്ക് മുൻപ് തന്നെ വനത്തിലൂടെ റോഡ് നിർമിക്കാൻ വനംവകുപ്പ് പഞ്ചായത്തിന് ഭൂമി പാട്ടത്തിന് നൽകിയിരുന്നു.