തനിയെ സമ്പാദിച്ച് ജീവിക്കാന്‍ പറഞ്ഞു; മകന്‍ അച്ഛനെ തല്ലിക്കൊന്നു

തനിയെ സമ്പാദിച്ച് ജീവിക്കാൻ പറഞ്ഞ അച്ഛനെ മകൻ തല്ലിക്കൊന്നു. ഗുജറാത്തിലെ വഡോദരയിലാണ് ഞെട്ടിക്കുന്ന സംഭവം. വഡോദരയിലെ സിമാഡിയ ഗ്രാമവാസിയായ രജേന്ദ്രതാഡ്‌വിയെന്ന ഇരുപത്തിയഞ്ചുകാരനാണ് അറുപതുകാരനായ പിതാവ് രാംസിൻഹ് താഡ്‌വിയെ അതിദാരുണമായി കൊലപ്പെടുത്തിയത്.

സഞ്ജയ്ദത്തിന്റെ കടുത്ത ആരാധകരനായ രാജേന്ദ്രതാഡ്‌വി, ആഡംബര ജീവിതത്തിനായി സ്ഥിരമായി അച്ഛനോട് പണം ചോദിക്കുമായിരുന്നു. സഞ്ജയ് ദത്തിന്റെ പോലെയുള്ള വസ്ത്രധാരണരീതിയും ഹെയർസ്റ്റൈലുമെല്ലാം അനുകരിക്കാൻ തൽപരനായിരുന്നു രാജേന്ദ്ര. 

സുഹൃത്തിനോടൊപ്പം പുറത്ത് കറങ്ങാൻ പോകാൻ നേരം അലസനും ആഡംബരപ്രിയനുമായി നടക്കുന്നതിനെ പിതാവ് വിമർശിച്ചു. ഇനിയെങ്കിലും തനിയെ അധ്വാനിച്ച് ജീവിക്കാൻ ഉപദേശിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കായി. കോപാകുലനായ രാജേന്ദ്ര അടുത്തുകിടന്ന വലിയ തടി കഷ്ണമെടുത്ത് പിതാവിന്റെ തലയ്ക്ക് നിരന്തരം പ്രഹരിക്കുകയായിരുന്നു. അടിയുടെ ശക്തിയിൽ രക്തം ഒരുപാട് വാർന്നുപോയി തൽക്ഷണം മരിക്കുകയായിരുന്നു. പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.