പോക്കറ്റടിയും കവർച്ചയും പതിവാക്കിയ സംഘം അറസ്റ്റിൽ

സംസ്ഥാന വ്യാപകമായി പോക്കറ്റടിയും കവര്‍ച്ചയും പതിവാക്കിയ നാലംഗസംഘം കോഴിക്കോട് മുക്കത്ത് അറസ്റ്റില്‍. ലോഡ്ജില്‍ താമസിച്ച് ജ്വല്ലറികളില്‍ ഉള്‍പ്പെടെ കവര്‍ച്ച നടത്തുന്നതിനുള്ള ആസൂത്രണത്തിനിടെയാണ് ഇവര്‍ മുക്കം പൊലീസിന്റെ പിടിയിലായത്. ആറ് ജില്ലകളില്‍ സംഘം നിരവധി കവര്‍ച്ചയും പോക്കറ്റടിയും നടത്തിയിരുന്നതായി തെളിഞ്ഞിട്ടുണ്ട്.  

സ്വകാര്യ ലോഡ്ജിലെ താമസക്കാരില്‍ ചിലരുടെ പെരുമാറ്റമാണ് നാട്ടുകാരുടെ സംശയത്തിനിടയാക്കിയത്. പകല്‍സമയങ്ങളില്‍ മുറിയടച്ച് ഇരിക്കുന്ന സംഘാംഗങ്ങള്‍ രാത്രിയില്‍ പലപ്പോഴും കടകളുടെയും ജ്വല്ലറിയുടെയും പരിസരത്ത് നില്‍ക്കുന്നത് ചിലരുടെ ശ്രദ്ധയില്‍പ്പെട്ടു. പൊലീസില്‍ പരാതി അറിയിച്ചതിന് പിന്നാലെ ലോഡ്ജിലെ താമസക്കാര്‍ നിരീക്ഷണത്തിലായി. പൊലീസ് മഫ്തിയില്‍ മൂന്ന് ദിവസം ഇവരെ പിന്തുടര്‍ന്നു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പിടികൂടുകയായിരുന്നു. കൊച്ചി സ്വദേശിയും കരുവാരക്കുണ്ടില്‍ താമസക്കാരനുമായ വെള്ളയില്‍ ഭായ് എന്നറിയപ്പെടുന്ന ഹസന്‍, തിരുവമ്പാടി സ്വദേശി ആഷിഖ്, പുല്‍പ്പള്ളി സ്വദേശി ബിനോയ് താമരശേരി സ്വദേശി ഷെമീര്‍ എന്നിവരാണ് പിടിയിലായത്. 

മുക്കം കേന്ദ്രീകരിച്ച് ജ്വല്ലറിയും വ്യപാര സ്ഥാപനവും കവര്‍ച്ച ചെയ്യുന്നതിനായിരുന്നു പദ്ധതി. രണ്ടാഴ്ചക്കിടെ കോഴിക്കോട് മുക്കം പാതയില്‍ ബസില്‍ യാത്ര ചെയ്ത് പന്ത്രണ്ടുപേരുടെ പോക്കറ്റടിച്ചിട്ടുണ്ട്. തിരക്കുള്ള ബസാണ് ഇതിനായി തെരഞ്ഞെടുത്തിരുന്നത്. പിടിയിലായ ആഷിഖ് നേരത്തെയും കവര്‍ച്ചക്കേസില്‍ പ്രതിയായിട്ടുണ്ട്. മറ്റ് മൂന്നുപേരും വര്‍ഷങ്ങളായി പോക്കറ്റടി നടത്തിവരുന്നവരുമാണ്. കൂട്ടുകൂടിയുള്ള വന്‍ കവര്‍ച്ചയാണ് മുക്കം പൊലീസിന്റെ അന്വേഷണത്തിലൂടെ ഒഴിവായത്.